തിരുവനന്തപുരം: കേരളത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രഹസ്യമാക്കി വച്ച ഫോര്‍മാറ്റിലെ വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന് മൊഴി. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഉദ്യോഗസ്ഥര്‍ തന്നെയാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഇത് സംബന്ധിച്ച് ടിക്കാറാം മീണയില്‍ നിന്നും വിവരങ്ങള്‍ ക്രൈംബ്രാഞ്ച് തേടും. കമ്മീഷന്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത കമ്പ്യൂട്ടറും ലാപ്‌ടോപ്പും ഫൊറന്‍സിക് പരിശോധന നടത്തും.
നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടര്‍പട്ടിക ചോര്‍ത്തിയെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയില്‍ ക്രൈംബ്രാഞ്ച് ജൂലൈ മൂന്നിനാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കമ്മീഷന്‍ ഓഫീസില്‍ നിന്നും രണ്ട് കോടി 67 ലക്ഷം വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് പരാതി. അതേസമയം താന്‍ വിവരങ്ങള്‍ എടുത്തത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ നിന്നാണെന്നും വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ നിന്നും നീക്കം ചെയ്യുകയാണ് കമ്മീഷന്‍ ചെയ്യേണ്ടതെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു.