ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് 1947ല്‍ ലഭിച്ചത് സ്വാതന്ത്ര്യമല്ല, ‘ഭിക്ഷ’യാണെന്നും യഥാര്‍ഥ സ്വാതന്ത്ര്യം 2014 ല്‍ ആണു ലഭിച്ചതെന്നുമുള്ള ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ പരാമര്‍ശത്തിനെതിരെ രാജ്യ വ്യാപക വിമര്‍ശനം. കങ്കണയുടെ പത്മശ്രീ പുരസ്കാരം തിരിച്ചെടുക്കുകയും നടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു.
‘കങ്കണയ്ക്ക് നല്കിയ പത്മ പുരസ്കാരം ഉടന്‍ പിന്‍വലിക്കണം. ഇത്തരം പുരസ്കാരങ്ങള്‍ നല്‍കുന്നതിന് മുന്‍പ് മനഃശാസ്ത്രപരമായ വിലയിരുത്തലുകള്‍ നടത്തണം. ഭാവിയില്‍ ഇതുപോലുള്ളവര്‍ രാജ്യത്തെയും മഹാത്മക്കളെയും അനാദരിക്കരുത്’- രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ ടാഗ് ചെയ്ത ട്വീറ്റില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കങ്കണയുടെ പരാമര്‍ശം ലജ്ജാകരവും ഞെട്ടിപ്പിക്കുന്നതുമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, അവര്‍ മഹാത്മാഗാന്ധിയെയും ജവഹര്‍ലാല്‍ നെഹ്റുവിനെയും സര്‍ദാര്‍ വല്ലഭായ് പട്ടേലിനെയും അപമാനിച്ചെന്നും ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഇകഴ്ത്തിയെന്നും ആരോപിച്ചു.
ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുന്‍പ് കങ്കണ ‘മലാന ക്രീം’ (ഒരുതരം ഹാഷിഷ്) കഴിച്ചതായി തോന്നുന്നുവെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ നവാബ് മാലിക് പറഞ്ഞു. ‘കങ്കണയുടെ പരാമര്‍ശത്തെ ശക്തമായി അപലപിക്കുന്നു. അവര്‍ സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിച്ചു. കേന്ദ്രസര്‍ക്കാര്‍ കങ്കണയില്‍നിന്ന് പത്മശ്രീ പുരസ്കാരം തിരിച്ചെടുക്കുകയും അവരെ അറസ്റ്റ് ചെയ്യുകയും വേണം’- അദ്ദേഹം ആവശ്യപ്പെട്ടു.
നടിക്കെതിരെ കേസെടുക്കണമെന്ന് ആം ആദ്മി പാര്‍ട്ടി മുംബൈ പൊലീസിനോട് ആവശ്യപ്പെട്ടു. നടിയുടെ പരാമര്‍ശം രാജ്യദ്രോഹപരവും പ്രകോപനപരവുമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് പ്രീതി ശര്‍മ മേനോന് പറഞ്ഞു. നടിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ശിവസേന നേതാവ് നീലം ഗോര്‍ഹെയും ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ ഒരു ടിവി ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് കങ്കണ വിവാദ പരാമര്‍ശം നടത്തിയത്. പരാമര്‍ശത്തെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് വരുണ്‍ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
മാത്രമല്ല, കങ്കണ റണാവത്തിന്റെ പരാമര്‍ശത്തിനെതിരെ ബി.ജെ.പി ഡല്‍ഹി വക്താവ് പ്രവീണ്‍ ശങ്കര്‍ കപൂറും രംഗത്തുവന്നു. സ്വാതന്ത്ര്യസമര നായകരെ അപമാനിച്ച കങ്കണയ്ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പ്രവീണ്‍ ശങ്കര്‍ ആവശ്യപ്പെട്ടു.
‘ഒരു സ്വാതന്ത്ര്യ സമര പോരാളിയുടെ മകന് എന്ന നിലയില്‍ കങ്കണയുടെ വാക്കുകള്‍ അവര്‍ക്ക് നേരെയുള്ള അപമാനമായിട്ട് ഞാന്‍ കരുതുന്നു. കങ്കണയ്ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണം’- പ്രവീണ്‍ ശങ്കര്‍ കപൂര്‍ ട്വീറ്റ് ചെയ്തു.