ഭരണഘടനാ അധിക്ഷേപം; സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തും

മല്ലപ്പളളി: സജി ചെറിയാൻ ഭരണഘടനയെ അധിക്ഷേപിച്ച കേസിൽ സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറി അടക്കം വേദിയിലുണ്ടായിരുന്ന നേതാക്കളിൽനിന്ന് പൊലീസ് ശനിയാഴ്ച മൊഴിയെടുക്കും. ജില്ല സെക്രട്ടറിക്ക് നോട്ടീസ് നൽകി അടുത്ത ആഴ്ച വിവരങ്ങൾ തേടാനാണ് ആലോചന. പരാതിക്കാരായ അഞ്ചുപേരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് സംഘാടകരിൽനിന്ന് വിവരങ്ങൾ തേടുന്നത്.

സി.പി.ഐ. എം മല്ലപ്പള്ളി ഏരിയ സെക്രട്ടറിയും സംഘാടക സമിതി ചെയർമാനുമായ ബിനു വർഗീസ്, കൺവീനർ കെ. രമേശ് ചന്ദ്രൻ, കെ.പി. രാധാകൃഷ്ണൻ അടക്കം പത്തോളം പേരുടെ മൊഴിയാണ് രേഖപ്പെടുത്തുക. ഇവർക്ക് നേരത്തേ നോട്ടീസ് നൽകിയിരുന്നു.

പരിപാടിയിൽ അധ്യക്ഷത വഹിച്ചിരുന്ന മാത്യു ടി. തോമസ് എം.എൽ.എ, ആശംസ അറിയിച്ച പ്രമോദ് നാരായണൻ എം.എൽ.എ എന്നിവരുടെ മൊഴി നിയമസഭ സമ്മേളനശേഷം രേഖപ്പെടുത്തും. അതേസമയം, കേസിൽ അന്വേഷണം തുടങ്ങി ഒരാഴ്ച പിന്നിടുമ്പോഴും പ്രധാന തെളിവ് പൊലീസിന് ലഭിച്ചിട്ടില്ല.

Top