ന്യൂഡല്‍ഹി: ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചരണത്തിലെ ‘ഗോലി മാരോ’, ‘ഇന്ത്യ-പാക് മത്സരം’ എന്നീ പ്രയോഗങ്ങള്‍ ബിജെപി നേതാക്കള്‍ ഉപയോഗിക്കരുതായിരുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. പാര്‍ട്ടി ഇതില്‍നിന്നെല്ലാം അടിയന്തരമായി അകലം പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു. ടൈംസ് നൗ സമ്മിറ്റില്‍ സംസാരിക്കവേയാണു രാജ്യതലസ്ഥാനത്തു ബിജെപിക്കേറ്റ തിരിച്ചടിയെപ്പറ്റി അമിത് ഷാ മനസ്സു തുറന്നത്.
‘എല്ലാത്തരം പ്രവര്‍ത്തകരും അവിടെയുണ്ട്. അവരെന്തെങ്കിലും പറഞ്ഞിരിക്കാം. എന്നാല്‍ പാര്‍ട്ടി അതാണെന്നേ പൊതുജനം മനസ്സിലാക്കൂ. ഇതല്ല ഈ പാര്‍ട്ടിയുടെ പ്രതിഛായ. ചിലരുടെ വാക്കുകള്‍ക്കു പാര്‍ട്ടിയാകെ വിലകൊടുക്കേണ്ടി വന്നു. ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കുമെന്നാണു ഞാന്‍ കണക്കു കൂട്ടിയിരുന്നത്. മിക്കപ്പോഴും ഇതു ശരിയായിട്ടുമുണ്ട്. ഇത്തവണ ഉദ്ദേശിച്ചതു പോലെയായില്ല. എങ്കിലും ജനവിധി ഉള്‍ക്കൊള്ളുന്നു. മോശം പ്രകടനത്തെ വിശദമായി പരിശോധിക്കും’ അമിത് ഷാ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഷഹീന്‍ ബാഗില്‍ സമരം ചെയ്യുന്നവുടെ വീടുകളില്‍ കയറി സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കൊല്ലുകയും ചെയ്യുമെന്നു ബിജെപി എംപി പര്‍വേഷ് വര്‍മ പറഞ്ഞത് വിവാദമായിരുന്നു. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ‘ഒറ്റുകാരെ വെടിവച്ചുകൊല്ലണം’ എന്നു മുദ്രാവാക്യം മുഴക്കിയതിനു തൊട്ടടുത്ത ദിവസമായിരുന്നു വര്‍മയുടെ പ്രസംഗം. ദേശ് കി ഗദ്ദാറോം കോ (രാജ്യത്തെ ഒറ്റുകാരെ).. എന്ന് അനുരാഗ് ഠാക്കൂര്‍ വിളിച്ചുപറയുകയും ഗോലി മാരോ സാലോം കോ (വെടിവച്ചു കൊല്ലണം അവറ്റകളെ) എന്ന് ജനക്കൂട്ടം വിളിക്കുകയുമായിരുന്നു.
ഡല്‍ഹിയില്‍ ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നേരിട്ടാണു പ്രചാരണം നയിച്ചത്. 270 എംപിമാരും 70 കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ നേതാക്കളും ഉള്‍പ്പടെ വന്‍പടയാണു പ്രചാരണത്തിന് എത്തിയത്.