പൗരത്വ ഭേദഗതി ബില്‍ 2019 നിയമമായി മാറിക്കഴിഞ്ഞു. ഇതോടെ രൂക്ഷമായ പ്രതിഷേധങ്ങള്‍ പല ഭാഗത്ത് നിന്നും ഉയരുകയാണ്. എന്നാല്‍ ബില്‍ നടപ്പാക്കില്ലെന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെ ഏതാനും മുഖ്യമന്ത്രിമാരും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ ഭരണഘടനയുടെ 7ാം ഷെഡ്യൂള്‍ പ്രകാരം നിയമമായ ബില്‍ നടപ്പാക്കാതെ എതിര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് യാതൊരു അധികാരവും ഇല്ലെന്നതാണ് വസ്തുത.
കേരളത്തിന് പുറമെ പശ്ചിമ ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, ചത്തീസ്ഗഢ് സംസ്ഥാനങ്ങളാണ് നിയമം ഭരണഘടനാ വിരുദ്ധമാണെന്നും, തങ്ങളുടെ സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കില്ലെന്നും പ്രഖ്യാപിച്ചത്. എന്നാല്‍ യൂണിയന്‍ ലിസ്റ്റില്‍ പെടുന്ന കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ലെന്ന് ആഭ്യന്തര മന്ത്രാലയം പറയുന്നു.
7ാം ഷ്യെഡ്യൂളിലെ യൂണിയന്‍ ലിസ്റ്റില്‍ പ്രതിരോധം, വിദേശകാര്യം, റെയില്‍വെ, പൗരത്വം തുടങ്ങിയ 97 വകുപ്പുകളാണുള്ളത്. ഭരണഘടനാ വിരുദ്ധ നിയമം ആയതിനാല്‍ സംസ്ഥാനത്ത് ഇതിന് സ്ഥാനം ഉണ്ടാകില്ലെന്നാണ് കേരള മുഖ്യമന്ത്രി പ്രതികരിച്ചത്. ലോക്‌സഭയിലും, രാജ്യസഭയിലും ഭൂരിപക്ഷം നേടി നിയമം പാസാക്കിയാലും നിയമം നടപ്പാക്കില്ലെന്നാണ് മമതാ ബാനര്‍ജിയുടെ നിലപാട്.
നിയമസഭയിലെ ഭൂരിപക്ഷം വെച്ച് നിയമത്തെ തടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും, കോണ്‍ഗ്രസിന്റെ നിലപാടാണ് ചത്തീസ്ഗഢില്‍ നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി ഭുപേഷ് ഭഗേലും, ഇതേ നിലപാട് മധ്യപ്രദേശ് മുഖ്യന്‍ കമല്‍നാഥ് ആവര്‍ത്തിക്കുകയും ചെയ്തു.