ന്യൂഡല്‍ഹി: സംസ്ഥാന അടിസ്ഥാനത്തിലും ജില്ലാ അടിസ്ഥാനത്തിലും ന്യൂനപക്ഷ മതവിഭാഗങ്ങളെ നിര്‍ണയിക്കുന്നതിന് മാര്‍ഗരേഖ തയ്യാറാക്കണമെന്ന ആവശ്യത്തില്‍ കേരളം ഉള്‍പ്പെടെ ഒരു ഡസണില്‍ അധികം സംസ്ഥാനങ്ങള്‍ നിലപാട് അറിയിച്ചില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ സംസ്ഥാനങ്ങളോട് ഉടന്‍ നിലപാട് അറിയിക്കാന്‍ നിര്‍ദേശിച്ചതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു.
2004-ലെ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമത്തിലെയും 1992-ലെ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമത്തിലെയും വകുപ്പുകള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നേരത്തെ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു.
സംസ്ഥാന അടിസ്ഥാനത്തില്‍ ന്യൂനപക്ഷങ്ങളെ നിശ്ചയിക്കുന്നതിനുള്ള മാര്‍ഗരേഖ തയ്യാറാക്കണമെന്നാണ് 2004-ലെ നിയമത്തിലെ വകുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ജില്ലാ അടിസ്ഥാനത്തില്‍ ന്യൂനപക്ഷ നിര്‍ണയത്തിന് മാര്‍ഗരേഖ ആവശ്യമെന്നാണ് 1992-ലെ നിയമത്തിലെ വകുപ്പ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.