14000 സ്കൂളുകൾ നവീകരിക്കാനുള്ള പി.എം ശ്രീ പദ്ധതി: 40 ശതമാനം വിഹിതം സംസ്ഥാനങ്ങൾ വഹിക്കണം

ഡൽഹി: പ്രധാനമന്ത്രി ശ്രീ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 14,000 സ്കൂളുകൾ നവീകരിക്കാനും സ്ഥാപിക്കാനുമുള്ള പദ്ധതിക്ക് ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗം അനുമതി നൽകി. 27,360 കോടി രൂപ ചിലവിട്ടാവും ഇത്രയേറെ സ്കൂളുകൾ നവീകരിക്കുക.

പദ്ധതി പ്രകാരം, കേന്ദ്രീയ വിദ്യാലയങ്ങളും നവോദയ വിദ്യാലയങ്ങളും ഉൾപ്പെടെ 14,000-ലധികം സ്‌കൂളുകളെ മികവിൻ്റെ കേന്ദ്രങ്ങളായി മാറ്റുമെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ വിശദീകരിക്കാനായി മാധ്യമങ്ങളെ കണ്ട കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാനും അനുരാഗ് താക്കൂറും പറഞ്ഞു.

അധ്യാപക ദിനത്തോടനുബന്ധിച്ച് സെപ്റ്റംബർ 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതി, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും ഉടമസ്ഥതയിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളുടെ നവീകരണത്തിന് വഴി തുറക്കും. അഞ്ച് വർഷത്തേക്ക് 27,360 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതിൽ കേന്ദ്രവിഹിതം 18,128 കോടി രൂപയായിരിക്കും. ഒരോ സ്കൂളിൻ്റേയും വികസനത്തിന് വേണ്ടിവരുന്ന തുകയിൽ അറുപത് ശതമാനം കേന്ദ്രം വഹിക്കുമെന്നും ബാക്കി തുക സംസ്ഥാന സർക്കാർ വഹിക്കണമെന്നും ധർമേന്ദ്ര പ്രധാൻ വിശദീകരിച്ചു. രാജ്യത്താകെ 187 ലക്ഷം വിദ്യാർത്ഥികൾക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതേടൊപ്പം റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭൂമി പാട്ടത്തിന് നൽകുന്നതിനുള്ള നിബന്ധകൾ ഉദാരമാക്കാനുള്ള ശുപാർശയും ഇന്നു ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു.റെയിൽവേ ലാൻഡ് ലൈസൻസ് ഫീ നിലവിലുള്ള ആറ് ശതമാനത്തിൽ നിന്നും ഒന്നരശതമാനമായി വെട്ടിക്കുറച്ചു. പാട്ടക്കാലവധി നിലവിലുള്ള അഞ്ച് വർഷത്തിൽ നിന്നും 35 വർഷമാക്കി പുതുക്കി. റെയിൽവേ ഭൂമി ദീർഘകാലം പാട്ടത്തിന് നൽകുന്ന പദ്ധതി 90 ദിവസത്തിനുള്ളിൽ നടപ്പാക്കുമെന്ന് അനുരാഗ് ഠാക്കൂർ അറിയിച്ചു.

പൊതുമേഖല സ്ഥാപനമായ കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വിറ്റഴിക്കലിന് കളമൊരുക്കാനാണ് പുതിയ പരിഷ്കകാരം എന്നാണ് സൂചന. കണ്ടെയ്‌നറുകൾക്കുള്ള റെയിൽവേ ലാൻഡ് ലീസിംഗ് ഫീസ് 3 ശതമാനത്തിൽ താഴെയായി നിലനിർത്തണമെന്ന സർക്കാർ നിതി ആയോഗിന്റെ ശുപാർശ അനുസരിച്ചാണ് കേന്ദ്രം നയംമാറ്റം നടപ്പാക്കിയത്. റെയിൽവേ വഴിയുള്ള ചരക്കുഗതാഗതത്തിൽ സ്വകാര്യ നിക്ഷേപം ആകർഷിക്കാൻ സാധിച്ചാൽ കണ്ടെയ്നർ കോർപ്പറേഷൻ ഓഫ് ഇന്ത്യയിലെ ഓഹരി വിറ്റഴിക്കൽ കാലതാമസമില്ലാതെ നടത്താനാവും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. ലാൻഡ് ലൈസൻസിംഗ് ഫീസിൽ (എൽഎൽഎഫ്) സ്വകാര്യ കമ്പനികൾ നേരത്തെ ഇളവ് ആവശ്യപ്പെട്ടിരുന്നു,

Top