വാട്ട്സാപ്പിന്റെ അപ്ഡേറ്റുകൾ ശ്രദ്ധേയമാണ്. ഉപയോക്താക്കൾക്കാവശ്യമായ ഫീച്ചറുകൾ കൃതൃ സമയങ്ങളിൽ അവതരിപ്പിക്കുന്നതാണ് ആപ്പിന്റെ പ്രത്യേകത. ഇപ്പോഴിതാ വാട്ട്സാപ്പിന്റെ സ്റ്റാറ്റസിനെ സംബന്ധിച്ച പുതിയ അപ്ഡേറ്റാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇനി മുതൽ വാട്ട്സാപ്പ് മെസെജ് പോലെ സ്റ്റാറ്റസും റിപ്പോർട്ട് ചെയ്യാനാകും. പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് ആപ്പ് ഇപ്പോൾ എന്നാണ് റിപ്പോർട്ട്. മെസെജ് പോലെ തന്നെ സ്റ്റാറ്റസിലെ ഉള്ളടക്കത്തിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കാൻ ഇത് സഹായിക്കും. ഉപയോക്താവിന്റെ കോൺടാക്ടിലുള്ള ആരെങ്കിലും അശ്ലീല വീഡിയോയോ വാട്ട്സാപ്പ് പോളിസി പാലിക്കാത്ത കണ്ടന്റുകളോ മറ്റുള്ളവരെ ദോഷകരമായി ബാധിക്കുന്ന അപ്‌ഡേറ്റോ സ്റ്റാറ്റസിലൂടെ പങ്കുവെച്ചെന്നിരിക്കട്ടെ പുതിയ ഫീച്ചറിന്റെ സഹായത്തോടെ ഇത് റിപ്പോർട്ട് ചെയ്യാനാകും. ഡെസ്‌ക്ടോപ്പ് വേർഷനിൽ ഈ ഫീച്ചർ ആപ്പ് പരീക്ഷിച്ചുവരുന്നതായാണ് സൂചനകൾ. വാട്ട്സാപ്പിന്റെ ഭാവി അപ്‌ഡേറ്റുകളിൽ ഈ ഫീച്ചർ വന്നേക്കാം.
നവംബറിൽ ഇന്ത്യയിൽ 37.16 ലക്ഷം അക്കൗണ്ടുകൾ നിരോധിച്ചതായി ആപ്പ് നേരത്തെ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. മുൻപ് നിരോധിച്ച അക്കൗണ്ടുകളെക്കാൾ 60 ശതമാനം കൂടുതലാണ് ഇക്കുറി. രാജ്യത്ത് നിരോധിച്ച വാട്ട്സാപ്പ് അക്കൗണ്ടുകളിൽ 9.9 ലക്ഷം അക്കൗണ്ടുകളും ഉപയോക്താക്കൾ ഫ്ലാഗ് ചെയ്യുന്നതിന് മുമ്പ് തന്നെ തടഞ്ഞതാണ്. ഒക്ടോബറിൽ രാജ്യത്ത് 23.24 ലക്ഷം അക്കൗണ്ടുകൾ വാട്ട്സാപ്പ് നിരോധിച്ചിരുന്നു. ഇതിൽ 8.11 ലക്ഷം അക്കൗണ്ടുകൾ സജീവമായി നിരോധിച്ചതാണ്.” ഈ വർഷം നവംബർ ഒന്നിനും നവംബർ 30നും ഇടയിൽ, 3,716,000 വാട്ട്സാപ്പ് അക്കൗണ്ടുകൾ നിരോധിച്ചു. +91 ൽ തുടങ്ങുന്നത് നോക്കിയാണ് ഇന്ത്യൻ അക്കൗണ്ടുകളെ കണ്ടെത്തുന്നത്. ഇൻഫർമേഷൻ ടെക്നോളജി റൂൾസ് 2021 പ്രകാരം പ്രസിദ്ധീകരിച്ച പ്രതിമാസ റിപ്പോർട്ടിലാണ് നവംബറിലെ നിരോധനത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം പ്രാബല്യത്തിൽ വന്ന കർശനമായ ഐടി നിയമങ്ങൾ പ്രകാരം വലിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ (50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള) എല്ലാ മാസവും കംപ്ലയിൻസ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കണം. ലഭിച്ച പരാതികളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങളും പരാമർശിക്കേണ്ടതുണ്ട്.ഒരു പരാതിയുടെ ഫലമായി അക്കൗണ്ട് നിരോധിക്കുമ്പോഴോ മുമ്പ് നിരോധിച്ച അക്കൗണ്ട് പുനഃസ്ഥാപിക്കുമ്പോഴോ അവ റിപ്പോർട്ടിലെ ‘നടപടി’യുടെ കൂട്ടത്തിൽ ചേർക്കും.