ആഡംബര ഹോട്ടലുകളില്‍ താമസിച്ച് പണം നല്‍കാതെ മുങ്ങും; പ്രതി അറസ്റ്റിൽ

ഇടുക്കി: കുമളിയിലെ ആഡംബര ഹോട്ടലില്‍ താമസിച്ച് മൂന്ന് ലക്ഷം രൂപ വാടക നല്‍കാതെ മുങ്ങിയ മനു മോഹന്‍ സ്ഥിരം തട്ടിപ്പുകാരന്‍. നിരവധി തട്ടിപ്പ് കേസുകളില്‍ മനു പ്രതിയാണെന്നാണ് ഗോവയില്‍ നിന്ന് ഇയാളെ അറസ്റ്റ് ചെയ്ത കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നല്‍കുന്ന വിവരം.

മാന്യമായ പെരുമാറ്റവും ഒപ്പം ഗുജറാത്ത് സ്വദേശിനിയായ ഭാര്യയും കുട്ടിയും കൂടെ ഉണ്ടായിരുന്നതുകൊണ്ടും ആര്‍ക്കും മനുവിന്റെ ഇടപാടുകളില്‍ സംശയം തോന്നിയിരുന്നില്ല. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ സ്വദേശിയാണ് പ്രതി മനു. ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നും വിദേശത്തേക്ക് പോകാന്‍ വിസ ശരിയാക്കി തരാമെന്നും വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ശേഷം മുങ്ങുകയാണ് രീതി.

തട്ടിപ്പ് നടത്തിയ പണം ഉപയോഗിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് രീതി. എന്നാല്‍ വിവിധ സ്ഥലങ്ങളില്‍ മാറി മാറി താമസിക്കുന്ന ഇയാള്‍ ഹോട്ടലുകളിലും ഫ്‌ളാറ്റുകളിലും വാടക നല്‍കാത മുങ്ങുന്നതും പതിവാണ്. വിവിധയിടങ്ങളില്‍ നിന്ന് ലക്ഷങ്ങളാണ് മനു തട്ടിപ്പിലൂടെ സമാഹരിച്ചത്.

എറണാകുളം ജില്ലയിലെ മുനമ്പം സ്റ്റേഷനിലും തോപ്പുംപടി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനരീതിയിലുള്ള കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

 

Top