അഞ്ച് വര്‍ഷത്തിനിടെ മോഷ്ടിച്ചത് 500 ആഢംബര കാറുകള്‍ ; സംഘത്തലവന്‍ പൊലീസ് പിടിയില്‍

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 500 ആഢംബര കാറുകള്‍ മോഷ്ടിച്ച സംഘത്തലവന്‍ പൊലീസ് പിടിയില്‍. മോഷണ സംഘത്തിന്റെ തലവനായ സഫ്രുദീന്‍(29) ആണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായത്.

ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് മോഷണം നടത്തിയിരുന്ന സഫ്രുദിന്റെ സംഘത്തില്‍ പെട്ടവരെല്ലാം ഹൈദരാബാദില്‍ നിന്നുള്ളവരാണ്. ഹെദരാബാദില്‍ നിന്നും വിമാനമാര്‍ഗ്ഗം ഡല്‍ഹിയിലെത്തിയ ശേഷം മോഷണം നടത്തുകയായിരുന്നു ഇവരുടെ രീതി. പിടിയിലാകാതിരിക്കുന്നതിന് മോഷണശേഷമുള്ള മടക്കയാത്രയും ഇവര്‍ വിമാനത്തിലാണ് നടത്തിയിരുന്നത്. കാറുകളിലെ ജിപിഎസും സെന്‍ട്രലൈസ്ഡ് ലോക്കിംങ് സിസ്റ്റവും തകര്‍ക്കുന്നതിനാണ് ഇവര്‍ ലാപ്‌ടോപും മറ്റ് ആധുനിക ഡിജിറ്റല്‍ ഉപകരണങ്ങളും ഉപയോഗിച്ചിരുന്നത്.

ആഗസ്ത് മൂന്നിന് പരിശോധന നടത്തുകയായിരുന്ന പൊലീസ് സംഘത്തെ കബളിപ്പിച്ച് ഒരു ആഡംബര കാര്‍ നിര്‍ത്താതെ പോയതോടെയാണ് സംഘം കുരുക്കിലാകുന്നത്. ഈ കാറിന്റെ ഡ്രൈവര്‍ സഫ്രുദീനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. സഫ്രുദീനെ പിന്നീട് 50 കിലോമീറ്റര്‍ അകലെവെച്ച് ഡല്‍ഹി പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

ഉത്തരഡല്‍ഹിയില്‍ താമസിച്ചിരുന്ന ഇയാളെപറ്റി വിവരം നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം വാഗ്ദാനം നല്‍കിയിരുന്നു. മോഷ്ടിക്കുന്ന കാറുകള്‍ പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഇവര്‍ വിറ്റിരുന്നത്. ഒരുവര്‍ഷം 100 ആഡംബര കാറുകള്‍ മോഷ്ടിക്കുകയായിരുന്നു തങ്ങള്‍ ലക്ഷ്യമിട്ടിരുന്നതെന്ന് സഫ്രുദീന്‍ പൊലീസിനോട് പറഞ്ഞു.

Top