തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടുകാരെ മയക്കി കിടത്തി മോഷണം. വീട്ടുജോലിക്ക് നിന്നിരുന്ന നേപ്പാളി യുവതിയുടെ നേതൃത്വത്തിലാണ് മോഷണം നടത്തിയത്. യുവതിയെ മോഷണത്തില്‍ സഹായിച്ചുവെന്ന് കരുതുന്ന 2 പേരെ നാട്ടുകാര്‍ പിടികൂടി. പിടിയിലായവരില്‍ നിന്ന് സ്വര്‍ണം പണവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 11 മണിയോടെയാണ് വീട്ടുകാരെ മയക്കി കിടത്തി മോഷണം നടത്തിയത്. വര്‍ക്കല ഹരിഹരപുരം എല്‍ പി സ്‌കൂളിന് സമീപമുളള ലൈംവില്ല എന്ന വീട്ടിലാണ് സംഭവം നടന്നത്. ശ്രീദേവി, മകന്റെ ഭാര്യ ദീപ ഹോം നഴ്‌സ് എന്നിവരും വീട്ടുജോലി ക്കാരിയായ നേപ്പാളി സ്വദേശിനിയുമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. എന്നും രാത്രി 9ന് വീട്ടിലേക്ക് വിളിക്കുന്ന ശ്രീദേവിയുടെ മകന്‍ പതിവ് പോലെ വിളിച്ചപ്പോള്‍ ആരെയും കിട്ടിയില്ല. നിരന്തരം ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസിയായ ബന്ധുവിനോട് അന്വേഷിക്കാന്‍ പറഞ്ഞു. ബന്ധുവായ യുവാവ് വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തായത്. അമ്മയേയും മരുമകളെയും ഹോം നഴ്‌സിനെയും ബോധരഹിതരായാണ് കണ്ടത്.
ഇവര്‍ക്ക് ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി കൊടുത്ത് മയക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം.15 ദിവസം മുന്‍പ് വീട്ടുജോലിക്കെത്തിയ നേപ്പാളി യുവതിയാണ് മയക്കുമരുന്ന് കലര്‍ത്തി നല്‍കി മോഷണത്തിന് നേതൃത്വം കൊടുത്തതെന്ന് സംശയിക്കുന്നു. യുവതി വീട്ടില്‍ നിന്ന് രക്ഷപ്പെട്ട്‌പോകുന്ന ദൃശ്യങ്ങള്‍ സമീപത്തെ സി സി ടി വി ക്യാമറകളില്‍ പതിഞ്ഞു. യുവതിക്കൊപ്പം മോഷണ സംഘത്തില്‍ നാല് പേര്‍ കൂടിയുണ്ടെന്ന് സമീപത്തെ ക്യാമറകളില്‍ നിന്ന് വ്യക്തമായി. ഇവര്‍ രാവിലെ മുതല്‍ പ്രദേശത്ത് കറങ്ങി നടന്നിരുന്നതായും തെളിവ് ലഭിച്ചു. ഇതില്‍ രണ്ട് പേരെ നാട്ടുകാര്‍ രാത്രിതന്നെ പിടികൂടി. ഒരാളെ മതില്‍ കമ്പിയില്‍ കാല്‍കുടങ്ങി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പിടിയിലായ പ്രതിയുടെ ബാഗില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തു. എത്രത്തോളം സ്വര്‍ണവും പണവും നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പരിശോധിച്ചു വരുകയാണ്. വീട്ടുകാരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.