ബ്രിട്ടീഷ് എണ്ണക്കപ്പലിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഏഴ് ജീവനക്കാരെ ഇറാന്‍ വിട്ടയച്ചു

ടെഹ്‌റാന്‍:സമുദ്ര നിയമം ലംഘിച്ചതിന്റെ പേരില്‍ ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണക്കപ്പല്‍ ‘സ്റ്റെനാ ഇംപേരോ’യിലെ മലയാളികള്‍ ഉള്‍പ്പടെയുള്ള ഏഴ് ജീവനക്കാരെ ഇറാന്‍ വിട്ടയച്ചു. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 5 ഇന്ത്യക്കാരെയും ഒരു ലാത്വിയ സ്വദേശിയെയും ഒരു റഷ്യന്‍ സ്വദേശിയെയുമാണ് മോചിപ്പിച്ചത്. ഇവര്‍ കപ്പലില്‍ നിന്നിറങ്ങി.

കളമശേരി തേക്കാനത്തു വീട്ടില്‍ ഡിജോ പാപ്പച്ചന്‍, ഇരുമ്പനം സ്വദേശി സിജു വി. ഷേണായി, കാസര്‍കോട് സ്വദേശി മേലേകണ്ടി പ്രീജിത് എന്നിവരാണ് ബ്രിട്ടിഷ് എണ്ണക്കപ്പലിലുണ്ടായിരുന്ന മലയാളികള്‍.ഇവരില്‍ ഒരാള്‍ കപ്പലിലെ ക്യാപ്റ്റനാണ്.

മാനുഷിക പരിഗണനയിലാണ് ജീവനക്കാരെ വിട്ടയക്കുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൂസവി പറഞ്ഞു. വിട്ടയക്കപ്പെട്ട ജീവനക്കാര്‍ക്ക് വേഗം തന്നെ ഇറാന്‍ വിടാന്‍ കഴിയുമെന്നും അദ്ദേഹം അറിയിച്ചു.

സമുദ്ര നിയമം ലംഘിച്ചത് മാത്രമാണ് തങ്ങളുടെ പ്രശ്‌നമെന്നും ജീവനക്കാരുമായോ ക്യാപ്റ്റനുമായോ തങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ 19 ന് സൗദി തുറമുഖത്തേക്ക് പോവുകയായിരുന്ന കപ്പല്‍ ഹോര്‍മുസ് കടലിടുക്കില്‍ വച്ചാണ് ഇറാന്‍ പിടിച്ചെടുത്തത്. കപ്പലില്‍ 18 ഇന്ത്യക്കാരുള്‍പ്പെടെ 23 ജീവനക്കാരാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്ന് മലയാളികളും ഉണ്ടായിരുന്നു.

23 ജീവനക്കാരില്‍ ഇന്ത്യക്കാര്‍ക്കു പുറമേ റഷ്യ, ലാത്വിയ, ഫിലിപൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ് കപ്പലിലുണ്ടായിരുന്നത്.

Top