സ്റ്റീഫൻ ഹോക്കിങ്സിന്റെ ഗവേഷണ പ്രബന്ധം തേടിയെത്തിയവരുടെ എണ്ണം 20 ലക്ഷം

ലണ്ടൻ: ശാരീരിക വൈകല്യങ്ങളെ മറികടന്ന ലോകപ്രശസ്ത ഊർജതന്ത്രജ്ഞനും പ്രപഞ്ചഗവേഷകനുമായ സ്റ്റീഫൻ ഹോക്കിങ്സിന്റെ പിഎച്ച്ഡി ഗവേഷണ പ്രബന്ധം കേംബ്രിഡ്ജ് സർവകലാശാലയുടെ വൈബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ഹോക്കിങ്സിന്റെ പിഎച്ച്ഡി. ഗവേഷണ പ്രബന്ധത്തിനായി തേടിയെത്തിയവരുടെ എണ്ണം 20 ലക്ഷം കഴിഞ്ഞു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ദിവസവും ആയിരക്കണക്കിനാളുകളാണ് പ്രപഞ്ചരഹസ്യങ്ങളുടെ പൊരുൾതേടിയുള്ള പഠനങ്ങളുടെ ഭാഗമായി ഹോക്കിങ്സിന്റെ കണ്ടെത്തലുകളറിയാൻ ശ്രമിക്കുന്നത്.

കേംബ്രിഡ്ജ് സർവകലാശാലയുടെ വെബ്സൈറ്റിലെ പബ്ലിക്കേഷൻസ് സെക്‌ഷനിലാണ് 1966ൽ ഹോക്കിങ്സ് എഴുതിയ ഗവേഷണ പ്രബന്ധം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

നിരവധി ആളുകൾ പ്രബന്ധത്തിനായി വെബ്സൈറ്റ് സന്ദർശിച്ചതിനാൽ വെബ്സൈറ്റ് ഏറെനേരം നിശ്ചലമായി.

‘പ്രോപ്പർട്ടീസ് ഓഫ് എക്സ്പാൻഡിങ് യൂണിവേഴ്സ്’ എന്ന പ്രബന്ധം തേടിയെത്തിയവരിൽ അമ്പതിനായിരത്തിലേറപ്പേർ ഇതിനോടകം ഇതു ഡൗൺലോഡ് ചെയ്തെടുക്കുകയും ചെയ്തു.

സർവകലാശാലയുടെ ചരിത്രത്തിലെ റെക്കോർഡാണിത്. ഇതിന് മുൻപ് ഒരു പ്രബന്ധമോ മറ്റു പഠനരേഖകളോ തേടി ആളുകൾ ഇത്തരത്തിൽ എത്തിയിട്ടില്ലെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി.

കേംബ്രിഡ്ജ് സർവകലാശാലയിൽ വിദ്യാർഥിയായിരിക്കെ തന്റെ 24–ാം വയസിലാണ് സ്റ്റീഫൻ ഹോക്കിങ്സ് 134 പേജുള്ള ഈ പ്രബന്ധം എഴുതിയത്.

1962 മുതൽ വിദ്യാർഥിയായും പിന്നീടു പ്രൊഫസറായും കേംബ്രിഡ്ജിൽ പ്രവർത്തിച്ച അദ്ദേഹം ‘എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം’ എന്ന ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച ശാസ്ത്രപുസ്തകത്തിന്റെ രചനയ്ക്കായി അൽപകാലം വിട്ടുനിന്നെങ്കിലും ഇവിടെ വിസിറ്റിങ് പ്രൊഫസറാണ്.

ഹോക്കിങ്സിന്റെ പ്രബന്ധം വായിക്കാനോ പകർത്താനോ സർവകലാശാല ലൈബ്രറി 65 പൗണ്ട് ഈടാക്കുന്നുണ്ട്.

1942 ജനുവരി എട്ടിന് ഓക്സ്ഫഡിൽ ജനിച്ച സ്റ്റീഫൻ ഹോക്കിങ്സ് ‘മോട്ടോർ ന്യൂറോൺ ഡിസീസ്’ എന്ന രോഗത്തെ അതിജീവിച്ചു വീൽചെയറിലാണ് തന്റെ ജീവിതം തള്ളിനീക്കുന്നത്.

Top