സ്റ്റീവ് ജോബ്‌സിന്റെ മകളുടെ പുസ്തകത്തിനെതിരെ ലോറിന്‍ പൗവ്വല്‍ ജോബ്‌സ്‌

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ സഹസ്ഥാപകനായ സ്റ്റീവ് ജോബ്‌സിനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവയ്ക്കുന്ന പുസ്തകത്തിനെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുകയാണ് ജോബ്‌സിന്റെ വിധവ ലോറിന്‍ പൗവ്വല്‍ ജോബ്‌സ്.

സ്റ്റീവിന്റെ പങ്കാളിയായിരുന്ന ക്രിസാന്‍ ബ്രെന്നനിലുണ്ടായ മകളായ ലിസയാണ് പുസ്തകം രചിച്ചിരിക്കുന്നത്. ‘സ്‌മോള്‍ ഫ്രൈ’ എന്നാണു പുസ്തകത്തിന് പേര് നല്‍കിയിരുന്നത്. ഈ പുസ്തകം സെപ്റ്റംബര്‍ നാലിനാണ് പുറത്തിറങ്ങുന്നത്. പക്ഷേ പുസ്തകം ഇറങ്ങുന്നതിന് മുന്‍പ് തന്നെ വന്‍ വിവാദമാകുകയാണ്.

പുസ്തകത്തില്‍ സ്റ്റീവ് ജോബ്‌സിനെ കുറ്റപ്പെടുത്തുന്നുണ്ട് ലിസ. എന്നാല്‍ ചിലയവസരങ്ങളില്‍ സ്റ്റീവിനെ പുകഴ്ത്തുന്നുമുണ്ട്. പുസ്തകത്തിലെ ചില ഭാഗങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസിലും വാനിറ്റി ഫെയറിലും പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണു സ്റ്റീവിന്റെ ഭാര്യയായ ലോറിനും, സ്റ്റീവിന്റെ സഹോദരിയുമായ മോന സിംപ്‌സനും മറുപടി പ്രസ്താവനയിറക്കാന്‍ തയ്യാറായത്.

‘ തങ്ങളുടെ കുടുംബത്തിന്റെ ഭാഗമാണ് ലിസ. അതു കൊണ്ടു തന്നെ വളരെയധികം നിരാശയാണ് ഈ പുസ്തകം വായിച്ചപ്പോള്‍ തോന്നിയത്. പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന പഴയ കാലത്തെ കുറിച്ചുള്ള ഓര്‍മകള്‍ യാഥാര്‍ഥ്യവുമായി ഒരുപാട് വ്യത്യാസമുള്ളവയാണ്. ലിസ പുസ്തകത്തില്‍ പരാമര്‍ശിച്ചിരിക്കുന്നതു പോലെയുള്ളതല്ല തങ്ങള്‍ അറിയുന്ന സ്റ്റീവ് ജോബ്‌സെന്ന്’ പ്രസ്താവനയില്‍ ലോറിനും മോന സിംപ്‌സനും വിശദീകരിച്ചു.’ ലിസയെ ഒരുപാട് സ്റ്റീവ് സ്‌നേഹിച്ചിരുന്നു. ലിസയ്ക്ക് ബാല്യകാലത്ത് ഒരു പിതാവില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന ലാളന കിട്ടാതിരുന്നതില്‍ സ്റ്റീവ് ഒരുപാട് ഖേദിച്ചിരുന്നു. അദ്ദേഹത്തിന്റെ അവസാന കാലത്ത് സമയം ചെലവഴിക്കാന്‍ ലിസ തയാറായത് സ്റ്റീവിന് ആശ്വാസമേകിയിരുന്നെന്നും’ പ്രസ്താവനയില്‍ സൂചിപ്പിക്കുന്നു.

Top