ലണ്ടന്‍: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും, സഹ താരവുമായ സ്റ്റീവ് വോയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. നോ സ്പിന്‍ എന്ന തന്റെ പുതിയ പുസ്തകത്തിലാണ് വോയ്‌ക്കെതിരെ കടുത്ത വിമര്‍ശനം വോണ്‍ ഉന്നയിക്കുന്നത്.
താന്‍ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും സ്വാര്‍ഥനായ കളിക്കാരനാണ് സ്റ്റീവ് വോയെന്ന് വോണ്‍ പറയുന്നു. വിന്‍ഡീസിനെതിരായ 1999ലെ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായിരുന്ന തന്നെ ഒഴിവാക്കിയ ക്യാപ്റ്റന്‍ വോയുടെ നടപടി നിരാശപ്പെടുത്തിയതായി വോണ്‍ പുസ്തകത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
തോളിലെ പരുക്ക് ഭേദമായി ഫോം വീണ്ടെടുത്തുകൊണ്ടിരുന്ന തന്നെ ഒഴിവാക്കണമെന്നു ടഗ്ഗ(വോ)യ്ക്ക് നിര്‍ബന്ധമായിരുന്നു. കോച്ച് ജഫ് മാര്‍ഷിന്റെയും സിലക്ടര്‍ അലന്‍ ബോര്‍ഡറുടെയും പിന്തുണ തനിക്കുണ്ടെന്നും ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളില്‍ കൂടെ നിന്നിട്ടും നല്ല സുഹൃത്തെന്നു കരുതിയിരുന്ന ടഗ്ഗ പിന്തുണച്ചതേയില്ലെന്ന് വോണ്‍ സൂചിപ്പിച്ചു.
പുറത്തായതിലുള്ള നിരാശയും ദേഷ്യവും ടീമിനെ പിന്തുണയ്ക്കാതെ താന്‍ പ്രകടിപ്പിച്ചെന്നും വോണ്‍ പുസ്തകത്തില്‍ പറയുന്നു. പരമ്പരയിലെ ആദ്യ മൂന്ന് ടെസ്റ്റുകളില്‍ ടീമിലെ ബൗളര്‍മാര്‍ ടഗ്ഗയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ചു പലതവണ പരാതിപ്പെട്ടു.
തന്റെ പ്രകടനത്തില്‍ അസൂയപ്പെട്ടിരുന്ന വോ ക്യാപ്റ്റന്റെ അധികാരം ലഭിച്ചപ്പോള്‍ അനാവശ്യമായി വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെട്ട് അലോസരപ്പെടുത്തിയെന്നും വോണ്‍ പുസ്തകത്തില്‍ തുറന്നടിക്കുന്നു.
ഓസ്‌ട്രേലിയയുടെ അമിതമായ ‘ബാഗി ഗ്രീന്‍ ആരാധന’ (ഓസ്‌ട്രേലിയന്‍ കളിക്കാരുടെ പച്ചത്തൊപ്പി)യേയും വോണ്‍ പുസ്തകത്തില്‍ കടുത്ത ഭാഷയില്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്. അവരുടെ ബാഗി ഗ്രീന്‍ ആരാധന ഛര്‍ദ്ദിക്കാനുള്ള തോന്നലുളവാക്കുന്നതാണെന്നു വോണ്‍ പറഞ്ഞു.
ബാഗി ഗ്രീനിനോട് ചിലരുടെ ആരാധന പറഞ്ഞറിയിക്കാനാവില്ല. ലാങ്(ജസ്റ്റിന്‍ ലാംഗ്വര്‍), ഹെയ്‌ഡോസ് (മാത്യു ഹെയ്ഡന്‍), ഗില്ലി (ആഡം ഗില്‍ക്രിസ്റ്റ്) എന്നിവരെ അതില്ലാതെ കാണാനേ കഴിയില്ല.
വിംബിള്‍ഡണില്‍ പോലും അവര്‍ ബാഗി ഗ്രീന്‍ ധരിച്ചു കളി കാണാന്‍ പോകുന്നത് തനിക്ക് മനംപിരട്ടലുണ്ടാക്കിയിരുന്നു. ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിച്ചു എന്നത് ജനത്തെ കാണിക്കേണ്ട ആവശ്യം തനിക്കില്ലെന്നും വോണ്‍ സൂചിപ്പിച്ചു.