ലണ്ടന്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഓസ്ട്രേലിയയുടെ സൂപ്പര്‍ താരമായ സ്റ്റീവ് സ്മിത്ത്. ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയുടെ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ സെഞ്ചുറി നേടിയതോടെയാണ് സ്മിത്ത് ചരിത്രത്തിലിടം നേടിയത്. ഓസ്ട്രേലിയയ്ക്ക് വേണ്ടി ടെസ്റ്റില്‍ ഏറ്റവുമധികം സെഞ്ചുറി നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോഡ് സ്മിത്തിന് സ്വന്തമായി.
ഇംഗ്ലണ്ടിനെതിരേ സെഞ്ചുറി നേടിയതോടെ സ്മിത്തിന്റെ ടെസ്റ്റ് സെഞ്ചുറികളുടെ എണ്ണം 32 ആയി ഉയര്‍ന്നു. ഇതോടെ താരം സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്‍ സ്ഥാപിച്ച റെക്കോഡിനൊപ്പമെത്തി. ബ്രാഡ്മാനും 32 സെഞ്ചുറികളാണുള്ളത്. ഓസ്ട്രേലിയയ്ക്കായി ഏറ്റവുമധികം സെഞ്ചുറി നേടിയ താരം റിക്കി പോണ്ടിങ്ങാണ്. 41 ശതകങ്ങള്‍ താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു.
ആഷസിലെ സ്മിത്തിന്റെ 12-ാം സെഞ്ചുറി കൂടിയാണിത്. ആഷസില്‍ ഓസ്ട്രേലിയക്ക് വേണ്ടി ഏറ്റവുമധികം സെഞ്ചുറി നേടിയ രണ്ടാമത്തെ താരം കൂടിയാണ് സ്മിത്ത്. 19 സെഞ്ചുറികളുമായി ബ്രാഡ്മാനാണ് താരത്തിന് മുന്നിലുള്ളത്. ഇതോടൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ 9000 റണ്‍സ് മറികടക്കാനും സ്മിത്തിന് സാധിച്ചു. 9000 റണ്‍സ് അതിവേഗത്തില്‍ മറികടക്കുന്ന രണ്ടാമത്തെ ബാറ്റര്‍ എന്ന റെക്കോഡും സ്മിത്ത് സ്വന്താക്കി. 174 ഇന്നിങ്സുകളില്‍ നിന്നാണ് സ്മിത്ത് 9000 റണ്‍സ് നേടിയത്. 172 ഇന്നിങ്സുകളില്‍ നിന്ന് 9000 റണ്‍സ് മറികടന്ന ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരയാണ് ഈ പട്ടികയില്‍ ഒന്നാമത്.
ഇംഗ്ലണ്ടിനെതിരേ 184 പന്തുകളില്‍ നിന്ന് 15 ബൗണ്ടറികളുടെ അകമ്പടിയോടെ 110 റണ്‍സാണ് സ്മിത്ത് അടിച്ചെടുത്തത്. സ്മിത്തിന്റെ ബാറ്റിങ് മികവില്‍ ഓസ്ട്രേലിയ ആദ്യ ഇന്നിങ്സില്‍ 416 റണ്‍സെടുത്തു. രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെടുത്തിട്ടുണ്ട്. 45 റണ്‍സുമായി ഹാരി ബ്രൂക്കും 17 റണ്‍സെടുത്ത് നായകന്‍ ബെന്‍ സ്റ്റോക്സുമാണ് ക്രീസിലുള്ളത്.