Steven Gerrard announces retirement from playing football after ‘incredible career’

ലണ്ടന്‍ : ഇംഗ്ലിഷ് ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ സ്റ്റീവന്‍ ജെറാര്‍ദ് ഫുട്‌ബോളില്‍ നിന്നു വിരമിച്ചു. പത്തൊന്‍പത് വര്‍ഷത്തെ ഫുട്‌ബോള്‍ കളി ജീവിതത്തിന് വിരാമമിട്ടാണ് ജെറാര്‍ദ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ഒരു വര്‍ഷമായി അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറ്റില്‍ ലോസ് ആഞ്ചലസ് ഗാലക്‌സി ക്ലബ്ബിനു വേണ്ടിയാണ് കളിച്ചത്.

ലിവര്‍പൂള്‍ ഫുട്‌ബോള്‍ ക്ലബിന്റെ ഇതിഹാസ താരമായ ജെറാര്‍ദിനെ ഇനി പരിശീലക കുപ്പായത്തില്‍ കാണാം. യുവേഫ കോച്ചിങ് ലൈസന്‍സ് നേടി പരിശീലകന്റെ റോളിലേക്കു മാറുമെന്ന് മുപ്പത്തിയാറുകാരനായ ജെറാര്‍ദ് പറഞ്ഞു.

സഹപരിശീലകനായി ജെറാര്‍ദ് ലിവര്‍പൂളില്‍ തിരിച്ചെത്താനും സാധ്യതയേറെ.

ലിവര്‍പൂളിനു വേണ്ടി 710 മല്‍സരങ്ങളില്‍ ജഴ്‌സിയണിഞ്ഞ ജെറാര്‍ദ് നായകനെന്ന നിലയില്‍ ചാംപ്യന്‍സ് ലീഗ് ഉള്‍പ്പെടെയുള്ള കിരീടങ്ങള്‍ നേടിക്കൊടുത്താണ് കഴിഞ്ഞവര്‍ഷം ക്ലബ്ബിനോടു വിടപറഞ്ഞത്. ഇംഗ്ലണ്ട് ദേശീയ ടീമിനായി 114 മല്‍സരങ്ങളില്‍ ഇറങ്ങി.

കളിച്ച ആറ് മേജര്‍ ടൂര്‍ണമെന്റുകളില്‍ മൂന്നിലും ക്യാപ്റ്റനുമായിരുന്നു. സ്‌കൂള്‍കുട്ടിയായിരിക്കെ ലിവര്‍പൂളിന്റെ ചുവന്ന കുപ്പായം സ്വപ്നംകണ്ടു വളര്‍ന്ന ജെറാര്‍ദിന് നന്നേ ചെറുപ്പത്തിലെ ടീമില്‍ അംഗമാകാന്‍ ഭാഗ്യവുമുണ്ടായി.

2003ലായിരുന്നു ക്യാപ്റ്റന്‍ സ്ഥാനം കൈവന്നത്.

2005ല്‍ എസി മിലാനെ തോല്‍പിച്ച് ചാംപ്യന്‍സ് ലീഗ് കിരീടം നേടിയതാണ് ക്ലബ്ബിനുവേണ്ടിയുള്ള ജെറാര്‍ദിന്റെ അവിസ്മരണീയ നേട്ടം. ഹാഫ് ടൈമില്‍ 30ന് പിന്നിലായിരുന്ന ലിവര്‍പൂള്‍ മുഴുവന്‍ സമയമായപ്പോഴേക്കും മൂന്നുഗോളും തിരിച്ചടിച്ച്, പിന്നീട് പെനല്‍റ്റി ഷൂട്ടൗട്ടിലൂടെയാണ് കിരീടമണിഞ്ഞത്.

ത്രസിപ്പിക്കുന്ന ഈ വിജയത്തിനു ചുക്കാന്‍ പിടിച്ചതും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ആദ്യഗോള്‍ മടക്കി തിരിച്ചുവരവിന് തുടക്കമിട്ടതും ജെറാര്‍ദായിരുന്നു.

രണ്ടുതവണ എഫ്എ കപ്പും മൂന്നുതവണ ഫുട്‌ബോള്‍ ലീഗ് കപ്പും നേടാന്‍ ലിവര്‍പൂളിനെ സഹായിച്ചത് ജെറാര്‍ദിന്റെ മിഡ്ഫീല്‍ഡ് മികവായിരുന്നു.

ഇവയ്ക്കു പുറമേ യുവേഫ കപ്പും യുവേഫ സൂപ്പര്‍ കപ്പും ലിവര്‍പൂള്‍ കുപ്പായത്തില്‍ ജെറാര്‍ദ് സ്വന്തമാക്കി.

ലിവര്‍പൂളിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി ഒരു വോട്ടെടുപ്പില്‍ ആരാധകര്‍ തിരഞ്ഞെടുത്തത് ക്ലബിനായി 186 ഗോളുകള്‍ നേടിയ ജെറാര്‍ദിനെ ആയിരുന്നു.

Top