തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ഉത്തേജന പാക്കേജില്‍ സൗജന്യ റേഷന്‍ അടക്കം കൂട്ടിയാല്‍ പോലും സാധാരണക്കാരുടെ കൈകളില്‍ പണമായി എത്തുന്നത് മൊത്തം പാക്കേജിന്റെ അഞ്ച് ശതമാനത്തിലധികം പോലും വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു ലക്ഷം കോടിയില്‍ താഴെ രൂപ മാത്രമായിരിക്കും ഇത്. കോര്‍പറേറ്റ് കമ്പനികള്‍ക്ക് ഉദാരമായി ഒന്നര ലക്ഷം കോടിയുടെ നികുതിയിളവ് നല്‍കിയ സ്ഥാനത്താണ് ഇതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
മേയ് 12ന് ആയിരുന്നു പ്രധാനമന്ത്രി 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ അഞ്ചു ഘട്ടങ്ങളിലായി ധനമന്ത്രി വിശദീകരിക്കുകയും ചെയ്തു. ആര്‍ബിഐയുടെ പണനയത്തിന്റെ ഭാഗമായി ബാങ്കുകള്‍ക്ക് ലഭ്യമായ തുകയും, ഈ ബാങ്കുകള്‍ കൃഷിക്കാര്‍ക്കും ചെറുകിട വ്യവസായികള്‍ക്കും നല്‍കുമെന്നു കരുതുന്ന തുകയുമാണ് 20 ലക്ഷം കോടിയിലെ സിംഹഭാഗവും. ആര്‍ബിഐ ബാങ്കുകള്‍ക്കു നല്‍കിയ പണത്തില്‍ എട്ടര ലക്ഷം രൂപ ഈ മാസം ആദ്യം തന്നെ ബാങ്കുകള്‍ മൂന്നര ശതമാനം താഴ്ന്ന പലിശയ്ക്ക് റിസര്‍വ് ബാങ്കില്‍ തന്നെ നിക്ഷേപിക്കുകയായിരുന്നു. ഇന്നത്തെ സാമ്പത്തിക അവസ്ഥയില്‍ ബാങ്കുകള്‍ വായ്പ നല്‍കാന്‍ മടിക്കുന്നു. സംസ്ഥാന സര്‍ക്കാരിനും ഇതില്‍ അനുഭവമുണ്ട്.
6000 കോടി വായ്പയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ 9 ശതമാനമാണ് ബാങ്കുകള്‍ ഈടാക്കിയ പലിശ. രാജ്യത്ത് ഇനിമേല്‍ പ്രതിരോധം, ബഹിരാകാശം, ധാതുഖനനം, അറ്റോമിക് എനര്‍ജി തുടങ്ങി എല്ലാ മേഖലകളിലും സ്വകാര്യ സംരംഭകരാകാം. പൊതുമേഖല ചില തന്ത്രപ്രധാന മേഖലകള്‍ മാത്രമാകും. ഒരു മേഖലയില്‍ നാലു പൊതുമേഖല കമ്പനികള്‍ മാത്രമേ അനുവദിക്കു എന്നാണ് കേന്ദ്രം ഇപ്പോള്‍ പറയുന്നത്. ഇത് കോവിഡ് പ്രതിരോധവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ്. ഇവിടെ വേണ്ടത് പൊതുജന ആരോഗ്യത്തിന് ഊന്നല്‍ നല്‍കുന്ന പാക്കേജാണ്. ഇത് വന്നിട്ടില്ല, ഏതായാലും പൊതു മേഖല സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്ന സമീപനമേ കേരള സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം പ്രതിസന്ധി നേരിടുന്ന ഒന്നാണ് സൂക്ഷ്മ ചെറുകിട ഇടത്തരം മേഖല. 201819 സാമ്പത്തിക വര്‍ഷം കേരളം ഉത്പാദന മേഖലയില്‍ 11.2 ശതമാനം വളര്‍ച്ച നേടി. ഇതില്‍ പ്രധാന പങ്ക് എംഎസ്എംഇ മേഖലയ്ക്കാണ്. അതുകൊണ്ടു തന്നെ ഈ മേഖലയിലെ സ്ഥാപനങ്ങള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ വായ്പാ സൗകര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിക്കും. കേന്ദ്രത്തിന്റെ പ്രഖ്യാപനത്തിനു മുന്‍പ് തന്നെ സംസ്ഥാനം എംഎസ്എംഇ മേഖലയ്ക്കു വ്യവസായ ഭദ്രത എന്ന പദ്ധതി തീരുമാനിച്ചിരുന്നു. ഇതു കേന്ദ്രപ്രഖ്യാപനവുമായി സംയോജിപ്പിച്ചു നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.