എം.കെ. രാഘവനെതിരെ ഒളി ക്യാമറാ ദൃശ്യങ്ങള്‍ : ശാസ്ത്രീയ പരിശോധന വേണമെന്ന് ഡിജിപി

loknath behra

തിരുവനന്തപുരം : കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെതിരെ ചാനല്‍ പുറത്തുവിട്ട ഒളി ക്യാമറാ ദൃശ്യങ്ങളെക്കുറിച്ചും അഴിമതി ആരോപണത്തെക്കുറിച്ചും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് ഡിജിപി റിപ്പോര്‍ട്ട് നല്‍കി. ദൃശ്യങ്ങളുടെ ആധികാരികത തെളിയിക്കുന്നതിന് ശാസ്ത്രീയ പരിശോധന വേണമെന്ന് ഡിജിപി അഭിപ്രായപ്പെട്ടതായാണ് വിവരം.

വീഡിയോയിലെ ശബ്ദം എം .കെ .രാഘവന്റേതു തന്നെയാണെന്ന് ഉറപ്പാക്കാന്‍ സാങ്കേതിക പരിശോധനക്കൊപ്പം ഫൊറന്‍സിക് പരിശോധനയും ആവശ്യമാണ് . പല രീതിയിലും ദൃശ്യ, ശബ്ദ തെളിവുകള്‍ എന്ന് അവകാശപ്പെടുന്നവയില്‍ കൃത്രിമങ്ങള്‍ നടക്കുന്നതിനാല്‍ വിശദമായി പരിശോധിച്ച ശേഷമേ തുടര്‍ നടപടി ഉണ്ടാവുകയുള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

അതേസമയം, തനിക്കെതിരായ ഒളിക്യാമറാ അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് എം കെ രാഘവന്‍ പറഞ്ഞിരുന്നു. സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന്‍ വ്യക്തമാക്കുകയും ചെയ്തു. ചാനലിനെതിരെ പൊലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. ഹിന്ദി ചാനലായ ടി വി 9 ആണ് വാര്‍ത്ത പുറത്ത് വിട്ടത്.

കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം കറന്‍സിയായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്.

Top