സ്‌റ്റൈര്‍ലൈറ്റ് പ്ലാന്റിന്റെ അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റ് തുറക്കാന്‍ എന്‍ജിടിയുടെ അനുമതി

ന്യൂഡല്‍ഹി: അടച്ചുപൂട്ടിയ തൂത്തുക്കുടിയിലെ വേദാന്ത സ്‌റ്റൈര്‍ലൈറ്റ് പ്ലാന്റിന്റെ അഡ്മിനിസ്‌ട്രേറ്റീവ് യൂണിറ്റ് തുറക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ(എന്‍ജിടി) അനുമതി ലഭിച്ചു.

പ്ലാന്റ് ഉടമകളായ വേദാന്ത ഗ്രൂപ്പ് സമര്‍പ്പിച്ച അപേക്ഷയിലാണ് ഉത്തരവ് എത്തിയത്. എന്നാല്‍ പ്ലാന്റിലെ ഉത്പാദന യൂണിറ്റ് വീണ്ടും തുറക്കണമെന്ന ആവശ്യം ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളുകയായിരുന്നു. വേദാന്ത ഗ്രൂപ്പിന്റെ ഹര്‍ജിയില്‍ വാദംകേട്ട ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ജസ്റ്റീസ് ആദര്‍ശ് കുമാര്‍ ഗോയല്‍ ഇക്കാര്യത്തില്‍ തമിഴ്‌നാട് മലിനീകരണ-നിയന്ത്രണ ബോര്‍ഡില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടു. ഓഗസ്റ്റ് 20നുള്ളില്‍ വിശദീകരണം നല്‍കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.

സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂര്‍ണമായി അടച്ചുപൂട്ടാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെയാണ് വേദാന്ത ഗ്രൂപ്പ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി തേടിയതിനു പിന്നാലെ പൂര്‍ണമായി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത് നിയമവിരുദ്ധവും സംസ്ഥാനത്തിന്റെ അധികാരം ദുരുപയോഗം ചെയ്തതുമാണെന്ന് വേദാന്ത കമ്പനി ആരോപിച്ചിരുന്നു.

Top