ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു

Sensex

മുംബൈ: ധനകാര്യ ഓഹരികളുടെ മുന്നേറ്റത്തില്‍ രണ്ടാമത്തെ ദിവസവും സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്‌ ചെയ്തു. സെന്‍സെക്‌സ് 138.59 പോയന്റ് ഉയര്‍ന്ന് 52,975.80ലും നിഫ്റ്റി 32 പോയന്റ് നേട്ടത്തില്‍ 15,856ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വെള്ളിയാഴ്ച വിപണിയില്‍ ലിസ്റ്റ് ചെയ്ത സൊമാറ്റോ മികച്ച നേട്ടമുണ്ടാക്കി. ഐപിഒ വിലയില്‍ നിന്ന് 65ശതമാനം നേട്ടത്തിലായിരുന്നു ക്ലോസിങ്. ഒരുവേള 20 ശതമാനമെന്ന അപ്പര്‍ സര്‍ക്യൂട്ട് ഭേദിച്ച് 138 നിലവാരത്തിലെത്തിയെങ്കിലും 126 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഐസിഐസിഐ ബാങ്ക്, ഐടിസി, വിപ്രോ, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, എസ്ബിഐ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ടാറ്റ മോട്ടോഴ്‌സ്, ഗ്രാസിം, എല്‍ആന്‍ഡ്ടി, അദാനി പോര്‍ട്‌സ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടമുണ്ടാക്കി.

ഓട്ടോ, ക്യാപിറ്റള്‍ ഗുഡ്‌സ്, പവര്‍, ഇന്‍ഫ്ര സെക്ടറുകള്‍ ഒഴികെയുള്ളവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും ഉയര്‍ന്നു. രൂപയുടെ മൂല്യത്തില്‍ നേരിയ വര്‍ധനവുണ്ടായി. ഡോളറിനെതിരെ മൂല്യം 74.40ലാണ് ക്ലോസ് ചെയ്തത്. 74.37-74.57 നിലവാരത്തിലായിരുന്നു വ്യാപാരം.

 

Top