ഓഹരി സൂചികകള്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു

sensex

മുംബൈ: ഓഹരി സൂചികകള്‍ വീണ്ടും നേട്ടത്തിന്റെ പാതയിലേക്ക് തിരിച്ചെത്തി. ആഴ്ചയിലെ ഫ്യൂച്ചര്‍ ആന്‍ഡ് ഓപ്ഷന്‍സ് കരാറുകള്‍ അവസാനിക്കുന്ന ദിവസമായിരുന്നിട്ടും ഐടി, പൊതുമേഖല ബാങ്ക് എന്നീ വിഭാഗങ്ങളിലെ ഓഹരികളുടെ നേട്ടത്തില്‍ വിപണി കുതിച്ചു.

ദിനവ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്‌സ് എക്കാലത്തെയും ഉയരമായ 54,874 നിലവാരത്തിലെത്തിയെങ്കിലും 318.05 പോയന്റ് നേട്ടത്തോടെ 54,843.98ലിലാണ് ക്ലോസ്‌ ചെയ്തത്. നിഫ്റ്റി 82.10 പോയന്റ് ഉയര്‍ന്ന് 16,364.40ലും വ്യാപാരം അവസാനിപ്പിച്ചു.

സ്റ്റോക് സ്പ്‌ളിറ്റ് പ്രഖ്യാപിച്ചതോടെ ഐആര്‍സിടിസിയുടെ ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം കീഴടക്കി. ഓഹരി വില ആറുശതമാനം കുതിച്ച് 2,727.95 നിലവാരത്തിലെത്തി.
പവര്‍ഗ്രിഡ് കോര്‍പ്, ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, എല്‍ആന്‍ഡ്ടി തുടങ്ങിയ ഓഹരികളും നേട്ടമുണ്ടാക്കി. ഐഷര്‍ മോട്ടോഴ്‌സ്, ഗ്രാസിം, ഒഎന്‍ജിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഫാര്‍മ ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടമുണ്ടാക്കി. ഐടി, ഊര്‍ജം, പൊതുമേഖല ബാങ്ക്, റിയാല്‍റ്റി, ക്യാപിറ്റല്‍ ഗുഡ്‌സ് തുടങ്ങിയ സൂചികകള്‍ 1-2.5ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ദിവസങ്ങളില്‍ സമ്മര്‍ദം നേരിട്ട ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചിക 1-2ശതമാനവും നേട്ടമുണ്ടാക്കി.

 

Top