മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം വിപണിയില്‍ തളര്‍ച്ച. കനത്ത ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നഷ്ടത്തില്‍ വിപണി ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 112.16 പോയന്റ് താഴ്ന്ന് 60,433.45ലും നിഫ്റ്റി 24.20 പോയന്റ് നഷ്ടത്തില്‍ 18,044.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
സ്വകാര്യ ബാങ്ക് ഓഹരികളാണ് പ്രധാനമായും സമ്മര്‍ദം നേരിട്ടത്. അതേസമയം, മിഡ്, സ്‌മോള്‍ ക്യാപുകളില്‍ നേട്ടം തുടരുകയും ചെയ്തു. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കുന്നതിനാല്‍ കരുതലോടെയാണ് ആഗോള തലത്തില്‍ നിക്ഷേപകര്‍ വിപണിയില്‍ ഇടപെട്ടത്.
ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടമുണ്ടാക്കിയപ്പോള്‍ ബ്രിട്ടാനിയ, എച്ച്ഡിഎഫ്‌സി ബാങ്ക്, മാരുതി സുസുകി, ജെഎസ്ഡബ്ല്യു സ്റ്റീല്‍, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിട്ടു.
ഓട്ടോ, ക്യാപിറ്റല്‍ ഗുഡ്‌സ് സൂചികകള്‍ ഒരുശതമാനം വീതം ഉയര്‍ന്നു. പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ ഓഹരികളില്‍ നിക്ഷേപക താല്‍പര്യം പ്രകടമായിരുന്നു. മെറ്റല്‍, ബാങ്ക് ഓഹരികള്‍ സമ്മര്‍ദം നേരിടുകയും ചെയ്തു. ബിഎസ്ഇ മിഡ് ക്യാപ് 0.8ശതമാനവും സ്‌മോള്‍ ക്യാപ് 0.67ശതമാനവും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.