മുംബൈ: ഓഗസ്റ്റിലെ ഫ്യച്ചര്‍ കരാറുകള്‍ അവസാനിക്കാന്‍ ഒരുദിവസം ബാക്കിനില്‍ക്കെ ചാഞ്ചാട്ടത്തിനൊടുവില്‍ നേട്ടമില്ലാതെ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. വ്യാപാരത്തിനിടെ സെന്‍സെക്‌സ് പുതിയ ഉയരം കുറിച്ച് 56,188ലെത്തിയെങ്കിലും 14.77 പോയന്റ് നഷ്ടത്തില്‍ 55,944.21ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 16,712ലെത്തിയെങ്കിലും ഒടുവില്‍ 10.10 പോയന്റ് മാത്രം നേട്ടത്തില്‍ 16,634.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
അദാനി പോര്‍ട്‌സ്, എച്ച്ഡിഎഫ്‌സി ലൈഫ്, ഹിന്‍ഡാല്‍കോ, കോള്‍ ഇന്ത്യ, ഒഎന്‍ജിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിന്‍സര്‍വ്, ടൈറ്റാന്‍ കമ്പനി, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടം നേരിടുകയും ചെയ്തു.
ഫാര്‍മ, റിയാല്‍റ്റി, ബാങ്ക്, ഓട്ടോ തുടങ്ങിയവ ഒഴികെയുള്ള സൂചികകള്‍ നേട്ടത്തിലായിരുന്നു. പവര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ ഒരുശതമാനത്തോളം ഉയര്‍ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ 0.5ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. ലാര്‍ജ് ക്യാപുകള്‍ പിന്നിലായപ്പോള്‍, കഴിഞ്ഞയാഴ്ചകളില്‍ തിരുത്തല്‍ ഭീഷണിനേരിട്ട മിഡ്ക്യാപ്, സ്‌മോള്‍ ക്യാപുകള്‍ തിരിച്ചുവരുന്നതായാണ് വിപണിയില്‍ കണ്ടത്.