മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിലും റെക്കോഡ് കുറിച്ച് ഓഹരി സൂചികകള്‍. നിഫ്റ്റി ഇതാദ്യമായി 17,400 കടന്നു. സെന്‍സെക്‌സ് 269 പോയന്റ് ഉയര്‍ന്ന് 58,399ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തില്‍ 17,421ലുമാണ് വ്യാപാരം ആരംഭിച്ചത്. യുഎസില്‍ നിന്ന് അനുകൂലമല്ലാത്ത റിപ്പോര്‍ട്ടുകളാണുള്ളതെങ്കിലും തുടക്കത്തില്‍ വിപണിയെ അത് ബാധിച്ചില്ല.
യുഎസ് തൊഴില്‍ ഡാറ്റ പ്രതീക്ഷിച്ച ഏഴ് ലക്ഷത്തിനുമുകളില്‍ നിന്ന് 2.35 ലക്ഷത്തിലേക്ക് ചുരുങ്ങി. ഡോളര്‍ ദുര്‍ബലമായത് വിദേശ നിക്ഷേപകരെ രാജ്യത്തെ വിപണിയിലേക്ക് ആകര്‍ഷിച്ചേക്കും. റീട്ടെയില്‍ നിക്ഷേപകരുടെയും ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെയും ഇടപെടല്‍ വിപണിയില്‍ പ്രതിരോധം തീര്‍ക്കാന്‍ പര്യാപ്തമാണ്.
റിലയന്‍സ്, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എല്‍ആന്‍ഡ്ടി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, സണ്‍ ഫാര്‍മ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.
ബജാജ് ഫിനാന്‍സ്, ടാറ്റ സ്റ്റീല്‍, നെസ് ലെ, ടൈറ്റാന്‍, പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. നിഫ്റ്റി എനര്‍ജി സൂചിക ഒരുശതമാനം ഉയര്‍ന്നു. മറ്റ് സെക്ടറല്‍ സൂചികകളെല്ലാം നേട്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളിലും നേട്ടം തുടരുന്നു. ഇരു സൂചികകളും റെക്കോഡ് ഉയരം കുറിച്ച് മുന്നേറുകയാണ്.