കുതിച്ച് ഗോതമ്പുവില, കർഷകർക്ക് നേട്ടം

ന്ത്യൻ വിപണിയുടെ രണ്ട് ദിവസത്തെ മുന്നേറ്റം വെള്ളിയാഴ്ച ഫെഡ് ചെയർമാൻ ജെറോം പവലിന്റെ നിരക്കുയർത്തൽ പ്രസ്താവനയിൽ അവസാനിച്ചു. രാജ്യാന്തര വിപണിക്കൊപ്പം വീണ നിഫ്റ്റി നാളെ 17,000 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്നു. മികച്ച റിസൾട്ടുകളിലാണ് ഇനി ലോക വിപണിക്കൊപ്പം ഇന്ത്യൻ വിപണിയുടെയും പ്രതീക്ഷകൾ. ഐസിഐസിഐ ബാങ്കിന്റെ മികച്ച റിസൾട്ടിന്റെ പിൻബലത്തിൽ നാളെ ബാങ്കിങ് സെക്ടർ ഇന്ത്യൻ വിപണിയെ നയിച്ചേക്കാം. ഫിനാൻസ്, ഫാർമ, എഫ്എംസിജി, ഓട്ടോ, ഇൻഫ്രാ, അഗ്രോ, മാനുഫാക്ച്ചറിങ് സെക്ടറുകളും അടുത്ത ആഴ്ച മുന്നേറ്റ പ്രതീക്ഷയിലാണ്. ഓഹരി വിപണിയുടെ പ്രതീക്ഷകളും സാധ്യതകളും വിലയിരുത്തുകയാണ് ബഡ്ഡിങ് പോർട്ഫോളിയോ ഇൻവെസ്റ്റ്മെന്റ് കൺസൾട്ടന്റ് അഭിലാഷ് പുറവൻതുരുത്തിൽ.

∙ പവൽ തകർത്ത ലോക വിപണി

ഐഎംഎഫിന്റെ വസന്തകാല സമ്മേളന വേദിയിൽ ജെറോം പവൽ തന്റെ നിലപാടുമാറ്റം പ്രഖ്യാപിച്ചതും, 0.50% ഫെഡ് നിരക്കിൽ മാറ്റമുണ്ടായേക്കാമെന്ന സൂചനയും കഴിഞ്ഞ ആഴ്ചയുടെ അവസാന രണ്ട് ദിവസങ്ങളിലും അമേരിക്കൻ വിപണിയുടെ വൻ വീഴ്ചയ്ക്ക് കളമൊരുക്കി. വെള്ളിയാഴ്ച വീക്കെൻഡ് ആശങ്കകളും മോശം റിസൾട്ടുകളും ചേർന്ന് കാര്യങ്ങൾ വീണ്ടും വഷളാക്കി.

∙ ബോണ്ട് യീൽഡും വിപണിയും തമ്മിൽ

2000ലും 2008ലും ഉണ്ടായതിലും വലിയ വീഴ്ചയാണ് അമേരിക്കൻ വിപണി, പ്രത്യേകിച്ച് നാസ്ഡാക് കഴിഞ്ഞ ഒരു മാസം കൊണ്ട് നേരിട്ടത്. കഴിഞ്ഞ ആറു മാസങ്ങൾ കൊണ്ട് നാസ്ഡാക് റെക്കോർഡ് ഉയരമായ 16,212ൽ നിന്നും 3373 പോയിന്റ് വീണ് 12,839 പോയിന്റിലാണ് വെള്ളിയാഴ്ച വ്യാപാരം അവസാനിപ്പിച്ചത്. ഒരു റിക്കവറിക്ക് ശേഷം നാസ്ഡാക് ഇനിയും വീണേക്കാം.

വ്യാഴാഴ്ച മലക്കം മറിച്ചിൽ നടത്തുന്നത് വരെ ഫെഡ് നിരക്ക് ഉയർത്തുന്നതിനെതിരെ ശക്തമായി നിലകൊണ്ട അമേരിക്കൻ ഫെഡ് റിസർവ് ചെയർമാൻ ജെറോം പവലിന്റെ പുതിയ നിലപാടുകൾ ഫെഡ് നിരക്ക് ഈ വർഷംതന്നെ ഫെഡ് അംഗം ജെയിംസ് ബല്ലാർഡ് അഭിപ്രായപ്പെട്ടത് പോലെ 4 ശതമാനത്തിന് മുകളിൽ പോയേക്കാം. അങ്ങനെ വന്നാൽ ബോണ്ട് യീൽഡ് അമേരിക്കൻ പണപ്പെരുപ്പ നിരക്കിനൊപ്പവും എത്തിയേക്കാമെന്നത് തന്നെയാണ് വിപണിയുടെ ഭയവും.

മേയ് 3, 4 തീയതികളിൽ നടക്കാനിരിക്കുന്ന ഫെഡ് മീറ്റിങ്ങിനെക്കാൾ ഇനി ലോക വിപണി കാത്തിരിക്കുന്നത് ഏപ്രിൽ മാസത്തിലെ അമേരിക്കൻ പണപ്പെരുപ്പ കണക്കിന‌ായാണ്. ഇറങ്ങിത്തുടങ്ങിയ അടിസ്ഥാന പണപ്പെരുപ്പത്തിനൊപ്പം കൺസ്യൂമർ പ്രൈസ് ഇൻഡെക്സും തിരിച്ചിറങ്ങി തുടങ്ങുമെന്ന് വിപണി പ്രത്യാശിക്കുന്നു.

∙ ബാങ്ക് റാലി

ഐസിഐസിഐ ബാങ്കിന്റെ മികച്ച റിസൾട്ടിന്റെ ആവേശം നാളെ ഇന്ത്യൻ ബാങ്കിങ് സെക്ടറിന് നൽകിയേക്കാവുന്ന കുതിപ്പ് ഇന്ത്യൻ വിപണിയെ ജെറോം പവലിന്റെ മലക്കം മറിച്ചിലിന്റെ ക്ഷീണത്തിൽനിന്നും രക്ഷപ്പെടുത്തിയേക്കാം. ആക്സിസ് ബാങ്ക്, എസ്ബിഐ, ബന്ധൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറാ ബാങ്ക് മുതലായ ബാങ്കിങ് ഓഹരികൾ വൻ കുതിപ്പ് നടത്തിയേക്കും.

ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ 6193 കോടിയുടെ അറ്റാദായം സ്വന്തമാക്കിയ ഐസിഐസിഐ ബാങ്ക് കഴിഞ്ഞ പാദത്തിൽ മുൻ വർഷത്തിലെ 4404 കോടിയിൽ നിന്നും 59% വർധനയോടെ 7019 കോടിയുടെ അറ്റാദായം സ്വന്തമാക്കി. 6450 കോടിയിൽ താഴെ മാത്രം ലാഭമാണ് വിപണി ഇത്തവണ ഐസിഐസിഐ ബാങ്കിൽനിന്നും പ്രതീക്ഷിച്ചിരുന്നത്. ബാങ്കിന്റെ പലിശ വരുമാനം മുൻ വർഷത്തിൽനിന്നും 21% വർധനയോടെ 12605 കോടിയിലേക്കുയർന്നപ്പോൾ മറ്റിനങ്ങളിൽ നിന്നുമുള്ള വരുമാനം 15% വർധനയോടെ 4737 കോടിയിലേക്കുയർന്നു.

മുൻ പാദത്തിൽ 4018 കോടിയുടെ കിട്ടാക്കടങ്ങൾ പുതുതായി രേഖപ്പെടുത്തിയപ്പോൾ കഴിഞ്ഞ പാദത്തിലിത് 4204 കോടിയായി ഉയർന്നു. 4693 കോടിയുടെ കിട്ടാക്കടങ്ങൾ തിരികെ പിടിച്ചത് ബാങ്കിന്റെ കിട്ടാക്കട അനുപാതവും മെച്ചപ്പെടുത്തി. പ്രൊവിഷനിൽ വന്ന 63% കുറവാണ് ബാങ്കിന്റെ അറ്റാദായം ഉയരാനുള്ള മറ്റു പ്രധാന കാരണങ്ങളിലൊന്ന്. 2020-21 സാമ്പത്തിക വർഷത്തിൽ 16,193 കോടി രൂപയായിരുന്നു ഐസിഐസിഐ ബാങ്കിന്റെ അറ്റാദായമെങ്കിൽ 2021-22 വർഷത്തിലിത് 23,339 കോടിയാണ്. 1000 രൂപയാണ് ഐസിഐസിഐ ബാങ്കിന്റെ അടുത്ത ലക്ഷ്യ വില.

∙ കഴിഞ്ഞ പാദത്തിൽ ഇന്ത്യ 5% വർധനയോടെ 31.9 ദശലക്ഷം ടൺ ഉരുക്ക് ഉൽപാദനം നടത്തിയത് ഇന്ത്യൻ മെറ്റൽ ഓഹരികൾക്ക് അനുകൂലമാണ്. കൽക്കരി അടക്കമുള്ള ഉൽപാദന ഘടകങ്ങളുടെ വിലക്കയറ്റം ഉയർന്ന രാജ്യാന്തര ഉൽപന്ന വിലയിലൂടെ മറികടക്കാനും ഇന്ത്യൻ സ്റ്റീൽ കമ്പനികൾക്ക് സാധ്യമാകും. ടാറ്റ സ്റ്റീൽ, സെയിൽ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ജിൻഡാൽ എന്നിവ മികച്ച റിസൾട്ടുകളും പ്രതീക്ഷിക്കുന്നു.

∙ രാജ്യാന്തര വിപണിയിൽ പറക്കുന്ന ഗോതമ്പ് വില ഇന്ത്യൻ കർഷകർക്ക് മികച്ച വില നേടികൊടുക്കുന്നത് ഇന്ത്യൻ ഗ്രാമീണ സമ്പദ്ഘടനയെ ശക്തിപ്പെടുത്തുന്നത് എഫ്എംസിജി സെക്ടറിന് അനുകൂലമാണ്.

ഇന്ത്യയുടെ പണപ്പെരുപ്പ കണക്കുകളെ വല്ലാതെ ഉയർത്തിയേക്കാമെങ്കിലും ഉയർന്ന ഗോതമ്പ് വില ബൈക്ക്, ട്രാക്ടർ, ടെക്സ്റ്റൈൽ സെക്ടറുകൾക്കും അനുകൂലമാണ്.

∙ ഐടിസി, അദാനി വിൽമർ, ഹിന്ദുസ്ഥാൻ യുണിലിവർ എന്നിവ കൂടിയ തോതിൽ ഗോതമ്പ് സംഭരിക്കുന്നതും വരാനിരിക്കുന്ന ലോക ഭക്ഷ്യക്ഷാമം കൂടി കണക്കിലെടുത്താണ്. ഐടിസിയും, അദാനിയും പ്രധാന ഗോതമ്പ് കയറ്റുമതിക്കാരാണ്.

∙ ഷിപ്പിങ് ഓഹരികൾ ദീർഘകാല നിക്ഷേപത്തിന് അനുയോജ്യമാണ്. ഉൽപന്നങ്ങളുടെ ഉയർന്ന വിലയും പുതിയ രാജ്യാന്തര രാഷ്ട്രീയ ഗതിവിഗതികൾ കപ്പൽ പാതകളെയും വ്യാപാര ബന്ധങ്ങളെയും നിർവചിച്ചു കഴിഞ്ഞത് ഷിപ്പിങ് കമ്പനികൾക്ക് പുത്തൻ അവസരങ്ങളുടെ കാലഘട്ടമാണ് തുറക്കാൻ പോകുന്നത്.

∙ എൽഐസിയുടെ ഐപിഒ അടുത്ത മാസം ഉണ്ടായേക്കാവുന്നത് സിഡിഎസ്എൽ, ബിഎസ്‌സി എന്നീ ഓഹരികൾക്ക് അനുകൂലമായേക്കാം. ഇൻഷുറൻസ് ഓഹരികൾ റിസൾട്ടിന് ശേഷം വീണ്ടും വീണേക്കാം.

∙ വല്ലാതെ നീണ്ടു പോയ ബിപിസിഎലിന്റെ സർക്കാരിന്റെ പക്കലുള്ള 53% ഓഹരി വിറ്റഴിക്കാനുള്ള നടപടികളിൽ ‌നിന്നും കേന്ദ്ര സർക്കാർ പിന്മാറുന്നത് മാറിയ സാഹചര്യങ്ങളിൽ പുതിയ വിറ്റഴിക്കൽ പദ്ധതി വിഭാവനം ചെയ്യാനാണ്.

∙ വേദാന്ത ബിപിസിഎൽ സ്വന്തമാക്കാനായി അടുത്ത വട്ടവും രംഗത്തുണ്ടാകുമെന്ന് അനിൽ അഗർവാൾ. ഓഹരി അടുത്ത ഇറക്കത്തിൽ അതിദീർഘകാല നിക്ഷേത്തിനായി പരിഗണിക്കാം.

∙ ഫ്യൂച്ചർ ഗ്രൂപ്പിന്റെ ആസ്തികൾ റിലയൻസ് വാങ്ങുന്നതിനെതിരെ ഫ്യൂച്ചർ ഗ്രൂപ്പിന് വായ്പ കൊടുത്തിട്ടുള്ള ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും നിലപാടെടുത്തത് ഫ്യൂച്ചർ ഓഹരികൾക്ക് ക്ഷീണമാണ്.

റിലയൻസ് കുറഞ്ഞ വിലയ്ക്ക് 15 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ മാർച്ച് ഏപ്രിൽ മാസങ്ങളിൽ വാങ്ങിയിട്ടുണ്ട് എന്ന രാജ്യാന്തര മാധ്യമങ്ങളിലെ റിപ്പോർട്ട് ഓഹരിക്ക് അനുകൂലമാണ്.

∙ റഷ്യൻ ഐടി കമ്പനികൾ ഇന്ത്യൻ ഐടി കമ്പനികളുമായി പുത്തൻ കൂട്ട് സംരംഭങ്ങൾക്കായി പരിശ്രമിക്കുന്നത് ഇടത്തരം ചെറുകിട ഇന്ത്യൻ ഐടി ഓഹരികൾക്ക് വരും നാളുകളിൽ അനുകൂലമായേക്കും.

∙ ഏപ്രിൽ 29ന് ടാറ്റായുടെ പുതിയ ഇലക്ട്രിക് കാറുകൾ പുറത്തിറങ്ങാനിരിക്കുന്നത് ടാറ്റ മോട്ടഴ്സിന് അനുകൂലമാണ്.

∙ ഗുജറാത്ത് ആസ്ഥാനമായ ടോറന്റ് പവർ തെലങ്കാനയിൽ പുതിയ പവർ പ്ലാന്റ് സ്വന്തമാക്കിയത് ഓഹരിക്ക് അനുകൂലമാണ്. നിലവിൽ 4.1 ജിഗാ വാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള രാജ്യം മുഴുവൻ സാന്നിധ്യമുള്ള ടോറന്റ് പവർ നിക്ഷേപത്തിന് അനുകൂലമാണ്.

∙ സ്‌കൂളുകൾ ജൂണിൽ തുറക്കുന്നത് ബോംബെ ഡയിങ്, ബാറ്റ ഇന്ത്യ, റിലാക്‌സോ ഓഹരികൾക്ക് അനുകൂലമാണ്.

ഐപിഒ

ക്യാംപസ് ആക്ടിവെയർ ഐപിഒ ചൊവ്വാഴ്ചയും, റെയിൻബോ ചിൽഡ്രൻ മെഡികെയറിന്റെ ഐപിഒ ബുധനാഴ്ചയും ആരംഭിക്കുന്നു.

∙ റിസൾട്ടുകൾ

ആക്സിസ് ബാങ്ക്, വിപ്രോ, ബജാജ് ഫിൻസർവ്, ബജാജ് ഫിനാൻസ്, മാരുതി, ബജാജ് ഓട്ടോ, വേദാന്ത, ബയോകോൺ, അൾട്രാ ടെക്ക്, അംബുജ സിമന്റ്, ട്രെന്റ്, സെഞ്ച്വറി ടെക്സ്, തത്വ ചിന്തൻ, അതുൽ ഡി ലിങ്ക്, ലോധ, എംഫാസിസ്, കെ പിഐടി ടെക്ക്, പെർസിസ്റ്റന്റ്, സിൻജീൻ, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി ലൈഫ്, നെൽകോ, സനോഫി, ടാറ്റ കോഫി, യൂബിഎൽ, യുടിഐ എഎംസി, എച്ച്ഡിഎഫ്സി എഎംസി, ഹാറ്റ്‌സൺ, ഐഇഎക്സ്, പിഎൻബി ഹൗസിങ്, എച്ച്എഫ്സിഎൽ മുതലായ കമ്പനികളും അടുത്ത ആഴ്ച റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

133998150
ഫയൽ ചിത്രം

∙ സ്വർണം

ഡോളർ മാത്രം മുന്നേറിയ വെള്ളിയാഴ്ച ബോണ്ട് യീൽഡ് പതിയെ വീണിട്ടും സ്വർണവും ലാഭമെടുക്കലിൽ 1930 ഡോളറിലേക്ക് വീണു. 1930 ഡോളർ മേഖലയിൽ ക്രമപ്പെട്ടേക്കാവുന്ന രാജ്യാന്തര സ്വർണ വില ബോണ്ട് യീൽഡ് വീണാൽ തിരികെ 2000 ഡോളറിലേക്ക് കയറിയേക്കാം.

∙ ക്രൂഡ് ഓയിൽ

വേൾഡ് ബാങ്കിനൊപ്പം, ഐഎംഎഫും ലോക സമ്പദ്ഘടനയുടെ വളർച്ച പതിയെ ആയിരിക്കുമെന്ന് പ്രഖ്യാപിച്ചതും, ഒപെകിന് പിന്നാലെ റിസ്റ്റാർഡ് എനർജിയും ആഗോള എണ്ണ ഉപഭോഗത്തിൽ ദിവസേന 1.4 ദശലക്ഷം ബാരലിന്റെ കുറവ് പ്രവചിച്ചതും ക്രൂഡ് ഓയിലിന് വീഴ്ച നൽകി. ചൈനയിൽ കോവിഡ് പടരുന്നതും ക്രൂഡ് ഓയിലിനെ പിന്നോട്ട് വലിച്ചു. 100 ഡോളറിന് താഴേക്ക് പോരാതെ പിടിച്ചു നിൽക്കുന്ന എണ്ണ അടുത്ത അവസരത്തിൽ 100 ഡോളറിന്റെ സപ്പോർട്ട് ഭേദിച്ചേക്കും.

 

Top