ഐടി, മെറ്റല്‍ ഓഹരികള്‍ വീണു; മൂന്നാം ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു

മുംബൈ: മൂന്നാമത്തെ ദിവസവും ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ്ചെയ്തു. ഐടി, മെറ്റല്‍ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

ധനകാര്യ ഓഹരികളില്‍ ചിലത് കരുത്തുകാട്ടിയതോടെ കനത്തനഷ്ടത്തില്‍വീഴാതെ സൂചികകളെ കാത്തു. സെന്‍സെക്സ് 336.46 പോയന്റ് നഷ്ടത്തില്‍ 60,923.50ലും നിഫ്റ്റി 88.50 പോയന്റ് താഴ്ന്ന് 18,178.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

കൊട്ടക് മഹീന്ദ്ര ബാങ്ക് 6.5 ശതമാനം കുതിച്ച് 2,146 നിലവാരത്തിലെത്തി. ടാറ്റാ മോട്ടോഴ്‌സ്, ഗ്രാസിം ഇന്‍ഡ്‌സ്ട്രീസ്, ബിപിസിഎല്‍, എച്ച്ഡിഎഫ്‌സി തുടങ്ങിയവ നേട്ടമുണ്ടാക്കി. ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഫോസിസ്, ഡോ.റെഡ്ഡീസ് ലാബ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.

നിഫ്റ്റി ബാങ്ക് സൂചിക 1.3ശതമാനം ഉയര്‍ന്ന് എക്കാലത്തെയും ഉയരംകുറിച്ചു. പൊതുമേഖല ബാങ്ക്, സ്വകാര്യ ബാങ്ക് സൂചികകള്‍ യഥാക്രമം 2.7ശതമാനവും 1.3ശതമാനവും നേട്ടമുണ്ടാക്കി. ഐടി സൂചികയാകട്ടെ 2.5ശതമാനം നഷ്ടംനേരിടുകയുംചെയ്തു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളില്‍ നഷ്ടംതുടര്‍ന്നു.

Top