ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

Sensex gains

മുംബൈ: വിപണിയില്‍ കാളകള്‍ പിടിമുറുക്കിയതോടെ വ്യാപാര ആഴ്ചയിലെ അവസാന ദിനത്തിലും ഓഹരി വിപണി കുതിച്ചു. സെന്‍സെക്‌സും നിഫ്റ്റിയും എക്കാലത്തേയും ഉയരം കീഴടക്കുകയും ചെയ്തു. ഇതോടെ ബിഎസ്ഇയില്‍ ലിസ്റ്റ്‌ ചെയ്ത ഓഹരികളുടെ മൂല്യം 254 ലക്ഷം കോടി മറികടന്നു.

ദിനവ്യാപാരത്തിനിടെ സെന്‍സെക്‌സ് 58,140 പോയന്റും നിഫ്റ്റി 17,321 പോയന്റും കീഴടക്കി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകളും യഥാക്രമം 24,453ലും 27,388ലുമെത്തി റെക്കോഡ് നേട്ടം കുറിച്ചു. ഒടുവില്‍, സെന്‍സെക്‌സ് 277.14 പോയന്റ് ഉയര്‍ന്ന് 58,129.95ലും നിഫ്റ്റി 89.40 പോയന്റ് നേട്ടത്തില്‍ 17,323.60ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, റിലയന്‍സ്, ടൈറ്റാന്‍, അള്‍ട്രാടെക് സിമെന്റ്‌സ് തുടങ്ങി 200 ലേറെ ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം കീഴടക്കുകയും ചെയ്തു. മികച്ച ഉയരം കുറിച്ചതോടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണിമൂല്യം 15 ലക്ഷം കോടി കടന്നു. ജസ്റ്റ് ഡയലിന്റെ ഭൂരിഭാഗം ഓഹരികളും സ്വന്തമാക്കിയതാണ് റിലയന്‍സ് നേട്ടമാക്കിയത്.

നിഫ്റ്റി ഓട്ടോ, മെറ്റല്‍, എനര്‍ജി സൂചികകള്‍ 1-2ശതമാനം ഉയര്‍ന്നു. എഫ്എംസിജി സൂചികയാണ് നഷ്ടംനേരിട്ടത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 0.35ശതമാനവും 0.41ശതമാനവും നേട്ടമുണ്ടാക്കി.

വിപണിയില്‍ ആത്മവിശ്വാസം തുടര്‍ന്നാല്‍ ഡിസംബറോടെ നിഫ്റ്റി 17,700 മറികടക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം, ഉയര്‍ന്ന മൂല്യത്തിലായതിനാല്‍ സമീപഭാവിയില്‍ തിരുത്തലുണ്ടായേക്കാമെന്നും വിദഗ്ധര്‍ മുന്നിറയിപ്പ് നല്‍കുന്നു.

 

Top