മുംബൈ: ഓഹരി സൂചികകള്‍ നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ധനകാര്യ ഓഹരികളാണ് പ്രധാനമായും സമ്മര്‍ദത്തിലായത്. ദിന വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 50,961ലേയക്കും നിഫ്റ്റി 15,295 നിലവാരത്തിലേയ്ക്കും ഉയര്‍ന്നെങ്കിലും നേട്ടം നിലനിര്‍ത്താനായില്ല.
ധനകാര്യ ഓഹരികള്‍ ലാഭമെടുപ്പു മൂലം വില്പന സമ്മര്‍ദത്തിലായി. സെന്‍സെക്‌സ് 14.37 പോയന്റ് താഴ്ന്ന് 50637.53ലും നിഫ്റ്റി 10.80 പോയന്റ് നഷ്ടത്തില്‍ 15,208.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1307 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 1749 ഓഹരികള്‍ നേട്ടത്തിലുമായിരുന്നു. 147 ഓഹരികള്‍ക്ക് മാറ്റമില്ല.
എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി ലൈഫ്, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടം നേരിട്ടത്. ഏഷ്യന്‍ പെയിന്റ്‌സ്, ടൈറ്റാന്‍ കമ്പനി, ഐഷര്‍ മോട്ടോഴ്‌സ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബ്രിട്ടാനിയ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമായിരുന്നു.
നിഫ്റ്റി ബാങ്ക്, എനര്‍ജി, പൊതുമേഖല ബാങ്ക് ഒഴികെയുള്ള സെക്ടറല്‍ സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മീഡിയ സൂചിക മൂന്നു ശതമാനവും ഐടി സൂചിക ഒരു ശതമാനവും മെറ്റല്‍ സൂചിക 0.6ശതമാനവും നേട്ടമുണ്ടാക്കി.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.3 ശതമാനം താഴ്ന്നപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.3ശതമാനം ഉയരുകയും ചെയ്തു. ഡോളറിനെതിരെ രൂപ 72.77 നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. 72.74-72.84 നിലവാരത്തിലായിരുന്നു ചൊവാഴ്ചയിലെ വ്യാപാരം. 72.96 ലായിരുന്നു കഴിഞ്ഞ ദിവസത്തെ ക്ലോസിങ്.