നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ച് ഓഹരി വിപണി

ന്ന് റെക്കോർഡ് തിരുത്തിക്കൊണ്ട് ആരംഭിച്ച ഇന്ത്യൻ വിപണി നേരിയ ലാഭമെടുക്കൽ അഭിമുഖീകരിച്ചെങ്കിലും വീണ്ടും തിരിച്ചു കയറി നേട്ടത്തോടെ വ്യാപാരമവസാനിപ്പിച്ചു. നിഫ്റ്റി 19851 പോയിന്റെന്ന പുതിയ ഉയരം കുറിച്ചപ്പോൾ സെൻസെക്സ് 67171 പോയിന്റെന്ന പുത്തൻ ഉയരം കുറിച്ച ശേഷം 67097 പോയിന്റിലാണ് അവസാനിച്ചത്. ഇന്ന് വരുന്ന അമേരിക്കൻ ടെക്ക് റിസൾട്ടുകളും നാളത്തെ ഇന്ത്യൻ ടെക്ക് റിസൾട്ടുകളും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.

ബജാജ് ഇരട്ടകളും, റിലയൻസും, എച്ച്ഡിഎഫ്സി ബാങ്കും വിപണിയെ മുന്നിൽ നിന്നും നയിച്ചു. ഐടി സെക്ടർ ഇന്ന് നേരിയ നഷ്ടം കുറിച്ചപ്പോൾ ബാങ്കിങ് അടക്കം മറ്റെല്ലാ സെക്ടറുകളും മുന്നേറ്റം കുറിച്ചു. സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ ഇന്ന് ഒരു ശതമാനത്തിനടുത്ത് മുന്നേറി.

നിഫ്റ്റി & ബാങ്ക് നിഫ്റ്റി

റെക്കോർഡ് നിരക്കിൽ ഓപ്പണിങ് നടത്തിയ നിഫ്റ്റി ലാഭമെടുക്കലിൽ 19727 പോയിന്റ് വരെ വീണ ശേഷം തിരികെക്കയറി 19833 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നാളെ 19700 പോയിന്റിലെ പിന്തുണയും 19900 പോയിന്റിലെ കടമ്പയും നിഫ്റ്റിക്ക് നിർണായകമാണ്.

ഇന്ന് 258 പോയിന്റുകൾ മുന്നേറിയ ബാങ്ക് നിഫ്റ്റി 45669 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 46000 പോയിന്റിന് സമീപം വലിയ വില്പന സമ്മർദ്ദം പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റി 45400 പോയിന്റിൽ വീണ്ടും പിന്തുണയും പ്രതീക്ഷിക്കുന്നു. ശനിയാഴ്ചയാണ് ഐസിഐസിഐ ബാങ്കും, കൊട്ടക് മഹിന്ദ്ര ബാങ്കും, ഏയു സ്‌മോൾ ഫിനാൻസ് ബാങ്കും, ആർബിഎൽ ബാങ്കും, യെസ് ബാങ്കും റിസൾട്ട് പ്രഖ്യാപിക്കുന്നത്.

റിലയൻസ് ജിയോ ഫിനാൻസ്

നാളെ റിലയൻസിൽ നിന്നും ജിയോ ഫിനാൻസ് ഓഹരി വിഭജനം നടക്കുന്നതിനാൽ റിലയൻസ് ഓഹരികളുടെ വില നിർണയത്തിനായി പ്രത്യേക വ്യാപാരം നടക്കുന്നു. റിലയൻസ് ഓഹരിയുടമകൾക്ക് 1:1 അനുപാതത്തിൽ ജിയോ ഫിനാൻസ് ഓഹരികൾ ലഭ്യമാകും.

വിപണി മൂല്യത്തിൽ ഇന്ത്യയിലെ നാലാമത്തെ വലിയ ഫിനാൻഷ്യൽ കമ്പനിയായ ജിയോ ഫിനാൻസ് നിഫ്റ്റി-50 അടക്കമുള്ള സൂചികകളിലും ഉൾപ്പെടുന്നതോടെ തൽക്കാലം നിഫ്റ്റി-50യിൽ 51 ഓഹരികൾ ഉണ്ടായിരിക്കും. വെള്ളിയാഴ്ചയാണ് റിലയൻസിന്റെ റിസൾട്ട് പുറത്ത് വരുന്നത്.

നാളത്തെ റിസൾട്ടുകൾ

ഇൻഫോസിസ്, എംഫസിസ്, കോഫോർജ്, പെഴ്സിസ്റ്റൻറ്, സെൻസാർ ടെക്ക്, ഠൻല പ്ലാറ്റ്ഫോമ്സ് മുതലായ ടെക്ക് ഓഹരികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. ഹിന്ദുസ്ഥാൻ യൂണി ലിവർ, ഹാവെൽസ്, ഡാൽമിയ ഭാരത്, നെൽകോ, ഷാൽബി, യൂണിയൻ ബാങ്ക്, സിഎസ്ബി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡിബി കോർപ്, കാർബൺ, ഇന്ത്യമാർട്ട് ഇന്റർമേഷ്, എച്ച്എംടി, ഓറിയന്റ് ഹോട്ടൽസ് മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.

ഫെഡ് യോഗം അടുത്ത ആഴ്ച

ഇന്നലെ അമേരിക്കൻ വിപണിയുടെ മികച്ച ക്ളോസിങ്ങിന് ശേഷം അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്നും നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഇന്ന് അമേരിക്കൻ വിപണി സമയത്തിന് മുൻപ് ഗോൾഡ് മാൻ സാക്സിന്റെയും, പിന്നീട് ടെസ്‌ല, ഐബിഎം, നെറ്റ് ഫ്ലിക്സ് എന്നീ ടെക്ക് ഭീമന്മാരുടെ റിസൾട്ടുകൾ വരാനിരിക്കുന്നത് നാളെ ഇന്ത്യ അടക്കമുള്ള ഏഷ്യൻ വിപണികൾക്കും യൂറോപ്യൻ വിപണികൾക്കും പ്രധാനമാണ്. ഏഷ്യൻ വിപണികൾ ഇന്ന് മിക്സഡ് ക്ളോസിങ് നേടിയപ്പോൾ ചൈനീസ് സ്റ്റിമുലസ് സൂചനകളുടെ കൂടി ആനുകൂല്യത്തിൽ യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ബ്രിട്ടീഷ് പണപ്പെരുപ്പവർദ്ധന പ്രതീക്ഷയിലും കുറഞ്ഞപ്പോൾ യൂറോ സോൺ പണപ്പെരുപ്പം വിപണി പ്രതീക്ഷക്കൊപ്പം നിന്നതും യൂറോപ്യൻ വിപണികൾക്ക് അനുകൂലമാണ്.

അമേരിക്കൻ ഫെഡ് റിസർവ് ഇനിയും രണ്ട് തവണ കൂടി 25 ബേസിസ് പോയിന്റുകൾ വീതം പലിശ നിരക്ക് വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ച ശേഷം നടക്കുന്ന അടുത്ത ആഴ്ചയിലെ യോഗം വിപണിയെ സ്വാധീനിച്ചേക്കാം. ജൂലൈ 25-26 തീയതികളിലാണ് ഫെഡ് യോഗം നടക്കുക.

ക്രൂഡ് ഓയിൽ

ചൈനയുടെ സാമ്പത്തിക ഉത്തേജന പദ്ധതിയുടെ സൂചനകൾ ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 80 ഡോളറിനടുത്താണ് വ്യാപാരം തുടരുന്നത്. അമേരിക്കൻ ക്രൂഡ് ഓയിൽ ശേഖര കണക്കുകളും ക്രൂഡിന് പ്രധാനമാണ്.

സ്വർണം

അമേരിക്കൻ ബോണ്ട് യീൽഡ് ക്രമപ്പെട്ടപ്പോൾ രാജ്യാന്തര സ്വർണ വില മുന്നേറ്റം നേടി 1980 ഡോളർ കടന്നു. 2000 ഡോളറിലെ കടമ്പ കടക്കാനായാൽ സ്വർണം മുന്നേറ്റം നേടിയേക്കാമെന്ന് കരുതുന്നു. അടുത്ത ആഴ്ചയിലെ ഫെഡ് യോഗതീരുമാനങ്ങൾ സ്വർണവിലയേയും സ്വാധീനിക്കും.

Top