മുംബൈ: ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെ ഇന്ന് ഓഹരി വ്യാപാരത്തിന് നഷ്ടത്തോടെ തുടക്കം. സെൻസെക്സ് 338 പോയന്റ് ഇടിഞ്ഞു. നിഫ്റ്റി 50 65 പോയന്‍റാണ് രേഖപ്പെടുത്തിയത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വിലയും കുത്തനെ താഴേക്ക് പതിച്ചു. 17 ശതമാനമാണ് അദാനി ഓഹരികളില്‍ വന്ന ഇടിവ്. അദാനി ഗ്രൂപ്പിന്‍റെ എല്ലാ ഓഹരികളും വന്‍ നഷ്ടത്തിലാണ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വിപണി ഇന്ന് വ്യാപാരം പുനരാരംഭിച്ചത്. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇടിഞ്ഞിരുന്നു.
അതേസമയം അദാനി ഗ്രൂപ്പിന്റെ തുടര്‍ ഓഹരി സമാഹരണം ഇന്ന് മുതല്‍ തുടങ്ങും. ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിടുന്നതിനിടെയാണ് ഈ ഓഹരി സമാഹരണം. രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി സമാഹരണമാണിത്. കടം തിരിച്ചടവിനും മറ്റു ചിലവുകൾക്കുമായി ഇരുപതിനായിരം കോടി രൂപയാണ് ലക്ഷ്യമിടുന്നത്.ഇന്ന് മുതൽ ചൊവ്വാഴ്ച വരെയാണ് നിക്ഷേപകർക്ക് അപേക്ഷിക്കാനുള്ള സമയം.