മൂന്നൂ ദിവസത്തെ നേട്ടത്തിനൊടുവില്‍ സെന്‍സെക്സില്‍ 111 പോയന്റ് നഷ്ടം

മുംബൈ: തുടര്‍ച്ചയായ മൂന്നൂ ദിവസത്തെ നേട്ടത്തിനൊടുവില്‍ ഇന്ന് ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. കഴിഞ്ഞ ദിവസം സെന്‍സെക്സ് 314.73 പോയിന്റ് നേട്ടത്തോടെ 44,000 നടുത്താണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്ന് സെന്‍സെക്സ് 111 പോയന്റ് നഷ്ടത്തില്‍ 43,841ലും നിഫ്റ്റി 30 പോയന്റ് താഴ്ന്ന് 12,843ലുമാണ് വ്യാപാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം നിഫ്റ്റി 12,874.20 നിലവാരത്തിലായിരുന്നു.

ബിഎസ്ഇയിലെ 549 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 420 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്. 72 ഓഹരികള്‍ക്ക് മാറ്റമില്ല. ആഗോള വിപണികളിലെ നഷ്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. മൊറട്ടോറിയം പ്രഖ്യാപിച്ചതിനെതുടര്‍ന്ന് ലക്ഷ്മി വിലാസ് ബാങ്കിന്റെ ഓഹരി 20ശതമാനം കൂപ്പുകുത്തി.

അദാനി പോര്‍ട്സ്, ടാറ്റ മോട്ടോഴ്സ്, എസ്ബിഐ, പവര്‍ഗ്രിഡ് കോര്‍പ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസിന്‍ഡ് ബാങ്ക്, സിപ്ല, ബജാജ് ഫിനാന്‍സ്, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലുള്ളത്. ബിപിസിഎല്‍, ടൈറ്റാന്‍ കമ്പനി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, ബ്രിട്ടാനിയ, ഐഷര്‍ മോട്ടോഴ്സ്, ടിസിഎസ്, റിലയന്‍സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

Top