ഓഹരി വിപണിക്ക് ആശ്വാസം; 428.62 പോയന്റ് നേട്ടത്തില്‍ അവസാനിച്ചു

sensex

മുംബൈ: ഓഹരി വിപണിക്ക് ആശ്വാസം തന്നെ. സെന്‍സെക്സിലെ നേട്ടം 428.62 പോയന്റും നിഫ്റ്റി 12,100 നിലവാരത്തിന് മുകളിലുമാണ് എത്തിയത്. നിഫ്റ്റി 137.80 പോയന്റ് ഉയര്‍ന്ന് 12,130.30ലും ഓഹരി വിപണി 41,323ലുമാണ് അവസാനിപ്പിച്ചത്.

1499 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. 982 ഓഹരികള്‍ നഷ്ടത്തിലും ആണ് അവസാനിച്ചത്. അതേസമയം 173 ഓഹരികള്‍ മാറ്റമില്ലാതെയുമാണുള്ളത്. വൊഡാഫോണ്‍ ഐഡിയ ഓഹരി 39 ശതമാനം നേട്ടമുണ്ടാക്കിയിട്ടുണ്ട്.

ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള എജിആര്‍ കുടിശ്ശിക തീര്‍ക്കുന്നതുസംബന്ധിച്ച് സര്‍ക്കാരിലെ ഉന്നതരുമായി ചര്‍ച്ച നടത്തിയതാണ് കമ്പനിക്ക് നേട്ടമായത്. തിങ്കളാഴ്ച കുടിശ്ശിക ഇനത്തില്‍ 2,500 കോടി രൂപ കമ്പനി അടച്ചിരുന്നു.

മറ്റ് നേട്ടമുണ്ടാക്കിയ കമ്പനികളാണ് ഭാരതി ഇന്‍ഫ്രടെല്‍, ഗ്രാസിം, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണലിവര്‍, സീ എന്റര്‍ടെയന്‍മെന്റ് തുടങ്ങിയ ഓഹരികള്‍. ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ, ടിസിഎസ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഫാര്‍മ, ലോഹം, അടിസ്ഥാന സൗകര്യവികസനം, എഫ്എംസിജി, ഊര്‍ജം എന്നീ വിഭാഗങ്ങളിലെ ഓഹരികള്‍ ഒരുശതമാനത്തോളം ഉയര്‍ന്നിട്ടുണ്ട്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ 1.3ശതമാനംവരെ നേട്ടത്തിലുമായിരുന്നു.

Top