നേട്ടത്തിലാരംഭിച്ച ഇന്ത്യൻ വിപണി ഇന്നും റിലയൻസിന്റെ പിന്തുണയിൽ പോസിറ്റീവ് ക്ളോസിങ് നടത്തി. ഇന്ന് ആദ്യ മണിക്കൂറിൽ തന്നെ നിഫ്റ്റി 21726 പോയിന്റ് വരെ മുന്നേറ്റം നടത്തിയെങ്കിലും, ഇടക്ക് നഷ്ടത്തിലേക്ക് കൂപ്പ്കുത്തിയ ശേഷം തിരിച്ചുകയറി 28 പോയിന്റ് നേട്ടത്തിൽ 21647 പോയിന്റിലാണ് ക്ളോസ് ചെയ്തത്. സെൻസെക്സ് 71721 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
റിസൾട്ടിന് മുന്നോടിയായി ടിസിഎസ് മുന്നേറ്റം നേടിയെങ്കിലും തിരിച്ചിറങ്ങിയതും, അവസാന മണിക്കൂറിൽ ഇൻഫോസിസ് നേരിയ തിരിച്ചുവരവ് നടത്തിയതും ഇന്ന് വിപണിയെ സ്വാധീനിച്ചു. ഇന്നും റിലയൻസ് രണ്ടര ശതമാനം നേട്ടം ആവർത്തിച്ചപ്പോൾ ജിയോ ഫിനാൻസ് 5% മുന്നേറ്റം നേടി. എനർജി സെക്ടറും, നിഫ്റ്റി നെക്സ്റ്റ്-50 യും ഒരു ശതമാനത്തിൽ കൂടുതൽ മുന്നേറ്റം നേടിയ ഇന്ന് നിഫ്റ്റി സ്‌മോൾ & മിഡ് ക്യാപ് സെക്ടറുകൾ 0.6%വും, 0.5%വും വീതം മുന്നേറ്റം ഇന്ന് സ്വന്തമാക്കി.
അടുത്ത ചൊവ്വാഴ്ച എച്ച്ഡിഎഫ്സി ബാങ്കും, വെള്ളിയാഴ്ച ഐസിഐസിഐ ബാങ്കും, ജെ&കെ ബാങ്കും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നത് ഇന്ത്യൻ ബാങ്കിങ് സെക്ടറിന് പ്രധാനമാണ്. തുടർന്ന് ആക്സിസ് ബാങ്ക് റിസൾട്ട് പ്രഖ്യാപിക്കും. ബാങ്കിങ് സെക്ടർ മികച്ച റിസൾട്ടുകൾ പ്രതീക്ഷിക്കുന്നു.
ഇന്ന് 21647 പോയിന്റിൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി ഇന്ത്യൻ ടെക്ക് ഭീമന്മാരുടെ റിസൾട്ടിനും അമേരിക്കൻ വിപണിയിലെ ചലനങ്ങൾക്കും അനുസരിച്ച് തന്നെയാകും തുടർന്ന് സഞ്ചരിക്കുക. ഇന്ന് 21600 പോയിന്റിൽ താഴെ വരെയെത്തിയ നിഫ്റ്റിയുടെ തുടർപിന്തുണകൾ 21540 പോയിന്റിലും 2146 പോയിന്റ് മേഖലയിലുമായിരിക്കും. 21730 പോയിന്റ് പിന്നിട്ടാൽ 21800 പോയിന്റിലും 21880 മേഖലയിലുമാണ് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ.
ഇന്നും 47237 പോയിന്റ് വരെ ഇറങ്ങിയ ബാങ്ക് നിഫ്റ്റി 77 പോയിന്റ് നേട്ടത്തിൽ 47438 പോയിന്റിലാണ് ക്ളോസ് ചെയ്തത്. തുടർന്ന് 47200 പോയിന്റിലും 46900 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്ന ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ 47700 മേഖലയിലും, 48000 പോയിന്റിലുമാണ്.
ഇന്ന് അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകൾ വരാനിരിക്കെ ഇന്നലെ അമേരിക്കൻ വിപണിയും ഇന്ന് ഏഷ്യൻ വിപണികളും മുന്നേറ്റം നേടി. യൂറോപ്യൻ വിപണികളും, അമേരിക്കൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. ഡോളറും, അമേരിക്കയുടെ ബോണ്ട് യീൽഡും ഇന്ന് നേരിയ സമ്മർദ്ധത്തിൽ തുടരുന്നു.
ഇന്ന് അമേരിക്കൻ വിപണി സമയത്തിന് മുൻപ് വരാനിരിക്കുന്ന അമേരിക്കയുടെ ഈ വർഷത്തെ ആദ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പക്കണക്ക് ലോക വിപണിക്ക് തന്നെ പ്രധാനമാണ്. അമേരിക്കയുടെ ഡിസംബറിലെ റീറ്റെയ്ൽ പണപ്പെരുപ്പം മുൻ മാസത്തിൽ നിന്നും 0.2%വും, 2022 ഡിസംബറിൽ നിന്നും 3.2%വും വളർച്ച നേടിയിട്ടുണ്ടാകാമെന്ന അനുമാനത്തിൽ നിന്നുള്ള വ്യതിചലനം വിപണിയുടെ ഗതിയെയും സ്വാധീനിക്കും. നവംബറിൽ അമേരിക്കയുടെ സിപിഐ ഡേറ്റ 3.1% വാർഷിക വളർച്ചയാണ് നേടിയിരുന്നത്. കഴിഞ്ഞ ആഴ്ചയിൽ അമേരിക്കൻ തൊഴിൽ വിപണിയിലെ മുന്നേറ്റം അമേരിക്കൻ വിപണിയെ പിന്നോട്ട് വലിച്ചിരുന്നതിനാൽ ഇന്ന് വരുന്ന അമേരിക്കൻ ജോബ് ഡേറ്റയും വിപണിക്ക് പ്രധാനമാണ്.
ഇഐഏയുടെ അനുമാനങ്ങൾക്ക് വിപരീതമായി അമേരിക്കയുടെ എണ്ണശേഖരത്തിൽ കഴിഞ്ഞ ആഴ്ചയിൽ വളർച്ച രേഖപ്പെടുത്തിയത് ക്രൂഡ് ഓയിലിന് ക്ഷീണമായയെങ്കിലും ഡോളർ നിരക്കിലെ വീഴ്ചയുടെയും, മിഡിൽ ഈസ്റ്റിലെ മോശം സ്ഥിതിഗതികളുടെയും പിന്തുണയിൽ ക്രൂഡ് ഓയിൽ വീണ്ടും മുന്നേറ്റം നേടി. 78 ഡോളറിൽ തുടരുന്ന ബ്രെന്റ് ക്രൂഡ് ഓയിൽ അമേരിക്കയുടെ പണപ്പെരുപ്പക്കണക്കുകൾ കാത്തിരിക്കുകയാണ്.
ബോണ്ട് യീൽഡിലെ നേരിയ ഇറക്കം സ്വർണത്തിന് അനുകൂലമാണെങ്കിലും ഇന്ന് വരുന്ന അമേരിക്കൻ സിപിഐ വളർച്ചയുടെ തോത് തന്നെയായിരിക്കും സ്വർണത്തിന്റെയും ഗതി നിർണയിക്കുക. രാജ്യാന്തര സ്വർണ വില 2035 ഡോളറിലാണ് തുടരുന്നത്.
വിപ്രോ, എച്സിഎൽ ടെക്ക്, എച്ച്ഡിഎഫ്സി ലൈഫ്, ടാറ്റ മെറ്റാലിക്സ്, ബിർള മണി, ആനന്ദ് രാത്തി, ഭാരത് ബിജിലി, ജസ്റ്റ് ഡയൽ, ഇന്റർനാഷണൽ ഹൗസ്, ജെടിഎൽ ഇൻഡസ്ട്രീസ്, അമൽ ലിമിറ്റഡ്, ഹൈടെക്ക് പൈപ്സ്, എൽകെപി ഫിനാൻസ്, ഡെൻ നെറ്റ് വർക്സ് മുതലായ കമ്പനികൾ നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു. ഡിമാർട്ട്, എംആർപി അഗ്രോ മുതലായ കമ്പനികൾ ശനിയാഴ്ചയും റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.