ഒരു ഫ്ലാറ്റ് തുടക്കത്തിന് ശേഷം മുന്നേറ്റത്തിന് ശ്രമിച്ചെങ്കിലും ഇന്ത്യൻ വിപണിയിൽ ഇന്ന് നഷ്ടം തുടർന്നു. റിസൾട്ടിനെ തുടർന്ന് റിലയൻസിന്റെ 2% വീഴ്ചയും, ഐടിസിയുടെ 4% വീഴ്ചയും, ടെക്ക് മഹീന്ദ്രയുടെയും കൊട്ടക് ബാങ്കിന്റെയും വീഴ്ചയും മുൻനിര ഇന്ത്യൻ സൂചികകളെ ഇന്ന് സ്വാധീനിച്ചു. ജപ്പാനും കൊറിയയുമൊഴികെയുള്ള മറ്റെല്ലാ ഏഷ്യൻ വിപണികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.
ഐടി, ബാങ്കിങ് സെക്ടറുകൾ നേട്ടമുണ്ടാക്കാതെ പോയപ്പോൾ ഓട്ടോ, ഫാർമ, റിയൽറ്റി സെക്ടറുകൾ ഇന്ന് മുന്നേറ്റം കുറിച്ചു. നിഫ്റ്റി സ്‌മോൾ ക്യാപ് സൂചിക നേട്ടമുണ്ടാക്കിയപ്പോൾ മിഡ് ക്യാപ് സൂചിക നഷ്ടം കുറിച്ചു.
വെള്ളിയാഴ്ച രണ്ട് ശതമാനത്തിലേറെ തകർന്ന നിഫ്റ്റി ഇന്നും 19740 പോയിന്റിന് മുകളിൽ വ്യാപാരം ആരംഭിച്ചെങ്കിലും 19800 മറികടക്കാനാകാതെ തിരുത്തലിൽപെട്ട് 19672 പോയിന്റിലാണ് ക്ളോസ് ചെയ്തത്. നാളെ 19600 പോയിന്റിൽ പിന്തുണ പ്രതീക്ഷിക്കുന്ന നിഫ്റ്റി 19780 പോയിന്റിൽ വീണ്ടും റെസിസ്റ്റൻസും നേരിട്ടേക്കാം.
ഇന്ന് റേഞ്ച്ബൗണ്ട് നീക്കങ്ങൾക്ക് ശേഷം നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി 45800, 45600 പോയിന്റുകളിൽ പിന്തുണ പ്രതീക്ഷിക്കുമ്പോൾ 46200 പോയിന്റിൽ വീണ്ടും റെസിസ്റ്റൻസ് നേരിട്ടേക്കാം. ബുധനാഴ്ച ആക്സിസ് ബാങ്ക് റിസൾട്ട് പ്രഖ്യാപിക്കാനിരിക്കുന്നതും ബാങ്ക് നിഫ്റ്റിക്ക് നിർണായകമാണ്.
നാളത്തെ ഇന്ത്യൻ റിസൾട്ടുകൾ
എൽ&ടി, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയ്ന്റ്സ്, സിപ്ല, ഡോകടർ റെഡ്ഢി, ഗ്ലാക്സോ, എസ്ബിഐ ലൈഫ്, സൈന്റ്, കെപിഐടി ടെക്ക്, ഡിക്‌സൺ ടെക്‌നോളജീസ്, ആംബർ, ജൂബിലന്റ് ഫുഡ്, സിയറ്റ്, അപ്പോളോ പൈപ്സ്, ഡെൽറ്റ കോർപ്, സുസ്‌ലോൺ മുതലായ കമ്പനികളും നാളെ റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.
കേന്ദ്രബാങ്ക് നയങ്ങൾ
അമേരിക്കയുടെ ഫെഡ് റിസർവ് ബുധനാഴ്ചയും, യൂറോപ്യൻ കേന്ദ്ര ബാങ്കായ ഈസിബി വ്യാഴാഴ്ചയും, ബാങ്ക് ഓഫ് ജപ്പാൻ വെള്ളിയാഴ്ചയും പുതുക്കിയ പലിശ നിരക്കുകൾ പ്രഖ്യാപിക്കാനിരിക്കുന്നത് തന്നെയാണ് ഈയാഴ്ച ലോക വിപണിയുടെ ഗതിയെ സ്വാധീനിക്കുക. ജൂൺ മാസത്തിൽ അമേരിക്കൻ റീറ്റെയ്ൽ പണപ്പെരുപ്പവളർച്ച 3%ലേക്ക് കുറഞ്ഞത് നാളെ ആരംഭിക്കുന്ന അമേരിക്കൻ ഫെഡ് യോഗം കണക്കിലെടുത്തേക്കുമെന്ന പ്രതീക്ഷയിലാണ് വിപണി. ഇത്തവണ ഫെഡ് നിരക്ക് 25 ബേസിസ് പോയിന്റുകൾ ഉയർത്തിയ ശേഷം നിരക്ക് വർധനക്ക് വിരാമമിടും എന്ന പ്രതീക്ഷയും വിപണിയിൽ ശക്തമാണ്.
അമേരിക്കൻ ബോണ്ട് യീൽഡ് നേരിയ തിരുത്തൽ നടത്തിയതിനെ തുടർന്നും മികച്ച റിസൾട്ട് പ്രതീക്ഷയിലും അമേരിക്കൻ ഫ്യൂച്ചറുകൾ ഇന്ന് പോസിറ്റീവ് നിലയിലാണ് വ്യാപാരം തുടരുന്നത്. യൂറോപ്യൻ വിപണികൾ മിക്സഡ് നിലയിലാണ് വ്യാപാരം തുടരുന്നത്.
അമേരിക്കൻ ടെക്ക് റിസൾട്ടുകൾ
അമേരിക്കൻ ടെക്ക് ഭീമന്മാരായ ആമസോൺ, ആൽഫബെറ്റ്, മെറ്റാ എന്നിവക്ക് പുറമെ ബോയിങ്, എക്സൺ മൊബീൽ, പ്രോക്റ്റർ & ഗാംബിൾ മുതലായ കമ്പനികളുടെ റിസൾട്ടുകളും ഈയാഴ്ച അമേരിക്കൻ വിപണിയെ സ്വാധീനിച്ചേക്കാമെന്നത് ഇന്ത്യൻ വിപണിക്കും പ്രധാനമാണ്.
ക്രൂഡ് ഓയിൽ
ഇത്തവണത്തെ ഫെഡ് നിരക്ക് വർദ്ധന അവസാനത്തേതായിരിക്കുമെന്ന പ്രതീക്ഷക്കൊപ്പം ഡോളർ സമ്മർദ്ദം നേരിടുന്നതും ക്രൂഡ് ഓയിലിന് മുന്നേറ്റം നൽകി. ബ്രെന്റ് ക്രൂഡ് ഓയിൽ 81 ഡോളറിന് മുകളിൽ വ്യാപാരം തുടരുന്നു. ക്രൂഡ് ഓയിലിന്റെ ലഭ്യതക്കുറവ് ക്രൂഡ് ഓയിൽ വിലയ്ക്ക് അനുകൂലമാകുമെന്ന് ഓയിൽ ബുള്ളുകൾ പ്രതീക്ഷിക്കുന്നു.
സ്വർണം
അമേരിക്കൻ ബോണ്ട് യീൽഡ് 3.81%ലേക്ക് ഇറങ്ങിയത് സ്വർണത്തിന് നേരിയ മുന്നേറ്റം നൽകി. രാജ്യാന്തര സ്വർണ വില ഏഷ്യൻ വിപണി സമയത്ത് 1968 ഡോളർ നിലയിലേക്കെത്തി.
ഐപിഓ
ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ആശുപത്രി ശ്രംഖലയായ യാഥാർത്ഥ് ഹോസ്പിറ്റലിന്റെ ഐപിഓ ബുധനാഴ്ച ആരംഭിച്ച് ജൂലൈ 28ന് അവസാനിക്കുന്നു. ഓഹരിയുടെ ഐപി വില നിലവാരം 285-300 രൂപ നിരക്കിലാണ്.