ഓഹരി വിപണിയിൽ ഉണർവ്, ആഗോള സൂചികകളും ശക്തം

മുംബൈ: ഇന്ത്യൻ ഓഹരി വിപണി ഇന്ന് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. ആഗോള സൂചികകൾ ശക്തമായത് അനുകൂലമായി. നിഫ്റ്റി 50 പോയിൻറ് ഉയർന്ന് 17,650 ലെവലിന് മുകളിൽ വ്യാപാരം ആരംഭിച്ചു. ബിഎസ്ഇ സെൻസെക്സ് 250 പോയിൻറ് ഉയർന്ന് 59,326 ലും വ്യാപാരം തുടങ്ങി. നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി സ്‌മോൾക്യാപ് സൂചികകൾ 0.7 ശതമാനം വരെ ഉയർന്നു.

മേഖലകളിലെല്ലാം പുരോഗതിയുണ്ട്. നിഫ്റ്റി മീഡിയ, നിഫ്റ്റി റിയൽറ്റി, നിഫ്റ്റി ഐടി എന്നിവയാണ് മുന്നിൽ. ഭാരതി എയർടെൽ, ടാറ്റ സ്റ്റീൽ, ടൈറ്റൻ, എച്ച്‌യുഎൽ എന്നിവ സൂചികകളിൽ ഉയർന്നു നിൽക്കുന്നു. അതേസമയം, ഏഷ്യൻ പെയിന്റ്‌സും നെസ്‌ലെ ഇന്ത്യയും നഷ്ടത്തിലാണ്.

വ്യക്തിഗത സ്റ്റോക്കുകളിൽ, രാജസ്ഥാൻ സർക്കാരുമായി സബ്‌സിഡിയറി ധാരണാപത്രം ഒപ്പിട്ടതിന് ശേഷം എൻഎച്ച്പിസിയുടെ ഓഹരികൾ 2 ശതമാനം നേട്ടമുണ്ടാക്കി.കൂടാതെ, 3,000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിന് ബോർഡ് അനുമതി നൽകിയതിന് ശേഷം മൂന്ന് ദിവസത്തിനുള്ളിൽ അർബിഎൽ ബാങ്കിന്റെ ഓഹരികൾ 23 ശതമാനത്തിലധികം ഉയർന്നു.

ഇന്ന് ക്രൂഡ് ഓയിൽ വില ഉയർന്നു. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ കയറ്റുമതിയിൽ തടസ്സങ്ങൾ, യുഎസ് റിഫൈനറി ഭാഗികമായി അടച്ചുപൂട്ടിയത്, കൂടാതെ വർദ്ധിച്ചു വരുന്ന വിതരണ പ്രതിസന്ധിയും എണ്ണവിലയെ ഉയർത്തി. ബ്രെന്റ് ക്രൂഡ് 59 സെൻറ് അഥവാ 0.6 ശതമാനം ഉയർന്ന് ബാരലിന് 101.81 ഡോളറിലെത്തി, അതേസമയം യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് 42 സെൻറ് അഥവാ 0.4 ശതമാനം ഉയർന്ന് ബാരലിന് 95.31 ഡോളറിലെത്തി.

ഇന്ത്യൻ രൂപ വ്യാഴാഴ്ച ഒരു ഡോളറിന് 79.84 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. അസംസ്‌കൃത എണ്ണവിലയിലെ കുതിച്ചുചാട്ടവും ആഭ്യന്തര ഇക്വിറ്റി വിപണികളിലെ പ്രതികൂലവും രൂപയുടെ ചലനത്തെ പരിമിതപ്പെടുത്തിയിട്ടുണ്ട്.

Top