മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഓഹരി വിപണിയിലെ ചാഞ്ചാട്ടത്തിനിടയിലും മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ വര്‍ഷം ഇതേകാലയളവിലെ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോള്‍ 58 ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്. 13,597 കോടി രൂപയില്‍ നിന്ന് 21,548 കോടി രൂപയായാണ് നിക്ഷേപം കുതിച്ചത്. 2019ന്റെ ആദ്യപാദത്തില്‍ 9.83 ലക്ഷം എസ്‌ഐപി അക്കൗണ്ടുകളാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. ശരാശരി എസ്‌ഐപി തുക 3,300 രൂപയുമാണ്. കഴിഞ്ഞ വര്‍ഷം ഇത് 3,250 രൂപയായിരുന്നു.

നിലവില്‍ രാജ്യത്തെ ഫണ്ടുഹൗസുകള്‍ക്ക് മൊത്തം 2.29 കോടി സജീവമായ എസ്‌ഐപി അക്കൗണ്ടുകളാണുള്ളത്. ജനുവരി തുടക്കം മുതലുള്ള ഗ്രാഫ് പരിശോധിക്കുമ്പോള്‍ ബിഎസ്ഇ മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ നാല് ശതമാനം നഷ്ടത്തിലായിരുന്നു. അതേസമയം, സെന്‍സെക്‌സ് അഞ്ച് ശതമാനം നേട്ടവുമുണ്ടാക്കിയിട്ടുണ്ട്.

വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പിന്‍താങ്ങിയതും, അസംസ്‌കൃത എണ്ണവില വര്‍ധിച്ചതും രൂപയുടെ മൂല്യമിടിഞ്ഞതുമെല്ലാമാണ് ഓഹരി വിപണിയെ ബാധിച്ചത്. ഓഹരി വിപണിയുടെ ചാഞ്ചാട്ടത്തില്‍ എസ്‌ഐപി നിക്ഷേപകര്‍ പിന്‍ വാങ്ങിയില്ലെന്നത് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചതിന്റെ സൂചനയാണെന്നാണ് വിപണിയില്‍ നിന്നുള്ള വിലയിരുത്തല്‍.

Top