മുംബൈ: ഓഹരി വിപണി നഷ്ടത്തോടെ അവസാനിപ്പിച്ചു. ബജറ്റും, ആഗോള വിപണിയിലെ നഷ്ടവും വ്യാപാര ആഴ്ചയുടെ ആദ്യദിനത്തിലും സൂചികകള്‍ക്ക് കനത്ത ആഘാതമായി മാറിയിരിക്കുകയാണ്.
വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 500ലേറെ പോയിന്റ് താഴ്ന്നു. സെന്‍സെക്‌സ് 527.75 പോയിന്റ് താഴ്ന്ന് 34,539ലും, നിഫ്റ്റി 166 പോയന്റ് താഴ്ന്ന് 10,594ലുലമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1816 കമ്പനികളുടെ ഓഹരികള്‍ നഷ്ടത്തിലും 179 ഓഹരികള്‍ നേട്ടത്തിലുമാണ്.
കഴിഞ്ഞ വ്യാപാര ദിനത്തില്‍ കനത്ത ആഘാതം നേരിട്ട പിസി ജ്വല്ലര്‍ ഓഹരി ഇത്തവണ മികച്ച നേട്ടമുണ്ടാക്കി. 20 ശതമാനമാണ് ഓഹരി വിലയിലെ നേട്ടം. ടെക് മഹീന്ദ്ര, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിലെത്തിയത്.
ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി ബാങ്ക്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.