കോട്ടയം: റേഷന്‍ കടകളിലെ സ്റ്റോക്ക് തിട്ടപ്പെടുത്താന്‍ കഴിയാതെ വ്യാപാരികള്‍. പ്രളയത്തില്‍ നശിച്ച ഭക്ഷ്യധാന്യങ്ങളുടെ സ്റ്റോക്ക് ഇ പോസ് മെഷിനില്‍ നിന്ന് നീക്കം ചെയ്യാത്തതുമൂലമാണ് ഈ പ്രതിസന്ധി തുടരുന്നത്. ഇതുമൂലം സാങ്കേതികത്വത്തില്‍ കുടുങ്ങി പിഴയടക്കേണ്ട ഗതികേടിലാണ് റേഷന്‍ കട ഉടമകള്‍. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച റേഷന്‍ വ്യാപാരികളാണ് വെട്ടിലായത്.
2021 ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലെ പ്രളയത്തില്‍ കാഞ്ഞിരപ്പള്ളി മീനച്ചില്‍ താലൂക്കിലെ റേഷന്‍ കടകളില്‍ വെള്ളം കയറി നശിച്ച 150 ലോഡിലധികം ഭക്ഷ്യധാന്യങ്ങള്‍ കുഴി വെട്ടി മൂടി നശിപ്പിച്ചിരുന്നു. ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ചായിരുന്നു ഇത്. പക്ഷെ റേഷന്‍ കടകളിലെ ഇ പോസ് മെഷിനിലെ സ്റ്റോക്ക് പട്ടികയില്‍ നിന്നും ഇവ നീക്കം ചെയ്തില്ല. നിര്‍ദ്ദേശം നല്‍കിയ ഉദ്യോഗസ്ഥരും കൈമലര്‍ത്തിയതോടെയാണ് വ്യാപാരികള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
നശിപ്പിച്ച അരിയുടെ കണക്ക് ഇ പോസില്‍ തുടരുന്നതിനാല്‍ കടയില്‍ സ്റ്റോക്ക് കൂടുതലുണ്ടെന്നാണ് രേഖകളില്‍ കാണുക. ഇത് മൂലം ഇന്‍സ്‌പെക്ഷന്‍ ഘട്ടത്തില്‍ വ്യാപാരികള്‍ പിഴ ഒടുക്കേണ്ടതായും വരുന്നു. സ്റ്റോക്കിന്റെ അളവ് ഇ – പോസ് മെഷിനില്‍ നിന്ന് കുറവു ചെയ്യാന്‍ നടപടി വേണം. ഭക്ഷ്യമന്ത്രിക്കും ഉദ്യോഗസ്ഥര്‍ക്കും നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും നടപടിയില്ല. ഒടുവില്‍ നവകേരള സദസില്‍ പരാതി നല്‍കിയെങ്കിലും ജില്ലാ സപ്ലൈ ഓഫിസറുമായി ബന്ധപ്പെടാനാണ് ലഭിച്ച മറുപടി. കൂടുതല്‍ അളവിലുള്ള സ്റ്റോക്കായതിനാല്‍ മന്ത്രിതലത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. പൊതു ഉത്തരവ് ഇറക്കി സര്‍ക്കാര്‍ പ്രശ്‌നം പരിഹരിക്കണമെന്നാണ് റേഷന്‍ വ്യാപാരികളുടെ ആവശ്യം.