സ്റ്റോക്‌ഹോം: വ്യത്യസ്തമായ രീതിയില്‍ പിറന്നാള്‍ ആഘോഷിച്ച് ഗ്രേറ്റ തുൻബർഗ്. സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ ഏഴ് മണിക്കൂര്‍ ഉപവാസം അനുഷ്ഠിച്ചുകൊണ്ടായിരുന്നു പതിനേഴിലേക്ക് കടന്ന ഗ്രേറ്റ തുന്‍ബര്‍ഗിന്റെ
പിറന്നാളാഘോഷം.
‘രാവിലെ എട്ടു മുതല്‍ ഉച്ചകഴിഞ്ഞ് മൂന്നുമണിവരെ പതിവുപോലെ പാര്‍ലമെന്റിനുമുന്നിലായിരുന്നു സമരം. പിറന്നാള്‍ ദിനത്തിലെ ഉപവാസത്തിനു ശേഷം വീട്ടിലെത്തിയാണ് ഭക്ഷണം കഴിക്കുക. താന്‍ ജന്മദിനങ്ങള്‍ ആഘോഷിക്കുന്ന ആളല്ലെന്നും പിറന്നാള്‍ കേക്ക് മുറിക്കുന്ന പതിവൊന്നും ഇല്ലെന്നും ഗ്രേറ്റ പറഞ്ഞു.
എല്ലാ വെള്ളിയാഴ്ചയുടെ സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ ഗ്രേറ്റയുടെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘം ഉപവാസ സമരം സംഘടിപ്പിക്കുന്നത് പതിവാണ്. 15 വയസ്സുള്ളപ്പോഴാണ് വെള്ളിയാഴ്ചകളില്‍ ക്ലാസ് ബഹിഷ്‌കരിച്ച് സ്വീഡിഷ് പാര്‍ലമെന്റിനു മുന്നില്‍ സമരം ചെയ്തുകൊണ്ട് ഗ്രേറ്റയുടെ പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെ തുടക്കം. 2019ലെ ടൈംസ് പേഴ്‌സണ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും ഗ്രേറ്റയ്ക്ക് തന്നെയായിരുന്നു.