സ്റ്റോക്സ് എറിഞ്ഞത് 14 നോബോൾ, വിളിച്ചത് രണ്ടെണ്ണം; സാങ്കേതികവിദ്യയിൽ തകരാർ

പെർത്ത്: ആഷസ് ടെസ്റ്റിന്റെ 2–ാം ദിവസത്തെ ആദ്യ സെഷനിൽ ഇംഗ്ലിഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് എറിഞ്ഞത് 14 നോബോളുകൾ. എന്നാൽ സാങ്കേതികവിദ്യയിലെ തകരാർ മൂലം ഇതിൽ 12 എണ്ണം നോ ബോളായി കണക്കാക്കപ്പെട്ടില്ല. ഈ 14 പന്തുകൾക്കിടെ, ഒരിക്കൽ മാത്രമാണ് ഫ്രീൽഡ് അംപയർ നോബോൾ വിളിച്ചത്. ഒരു പന്തു മൂന്നാം അംപയറും നോബോൾ വിളിച്ചു, ഓസീസ് ഓപ്പണർ ഡേവിഡ് വാർണർ ബോൾഡായ പന്തിലായിരുന്നു ഇത്.

ബോളറുടെ ഫ്രണ്ട് ഫുട്ട് നോബോളുകൾ പരിശോധിച്ച് ഫീൽഡ് അംപയറെ വിവരം ധരിപ്പിക്കാനുള്ള ചുമതല മൂന്നാം അംപയറിനാണ്. എന്നാൽ ദൗർഭാഗ്യവശാൽ ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിനു മുൻപു ഇതിനുള്ള സാങ്കേതിക വിദ്യ തകറാറിലായി. ഇതോടെ, വിക്കറ്റ് വീഴുന്ന പന്തുകൾ മാത്രമാണു തേഡ് അംപയർ പരിശോധനയ്ക്കു വിധേയമാക്കിയത്. മറ്റുള്ള പന്തുകളിലെ ഫ്രണ്ട് ഫുട്ട് നോ ബോള്‍ വിളിക്കാനുള്ള ‘ഭാരിച്ച’ ചുമതല ഇതോടെ ഫീൽഡ് അംപയർമാരായ പോൾ റീഫൽ, റോഡ് ടക്കർ എന്നിവരുടെ ചുമലിലായി.

സാങ്കേതിക വിദ്യയുടെ കുഴപ്പം കൊണ്ടാണെങ്കിലും ഇത്രയധികം നോബോളുകൾ എറി‍ഞ്ഞ സ്റ്റോക്സ് അനായാസം രക്ഷപ്പെട്ടതിനെതിരെ വ്യാപക വിമർശനം ഉന്നയിച്ച് മുൻ താരങ്ങളും രംഗത്തെത്തി.

‘ഇക്കാര്യം പരിശോധിക്കാൻ ചുമതലയുള്ള മൂന്നാം അംപയർ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ, ദയനീയം എന്നല്ലാതെ മറ്റൊന്നും പറയാനില്ല. സ്റ്റോക്സിന്റെ ആദ്യ പന്തിൽത്തന്നെ നോബോൾ വിളിച്ചിരുന്നെങ്കിൽ, പിന്നീടുള്ള പന്തുകൾ എറിയുന്നതിൽ അദ്ദേഹം കൂടുതൽ ശ്രദ്ധിച്ചേനെ എന്നുറപ്പാണ്’– മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ് പറഞ്ഞു.

Top