സൈനിക ഉദ്യോഗസ്ഥന്‍ ഉമര്‍ ഫയാസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജനക്കൂട്ടത്തിന്റെ കല്ലേറ്

ന്യൂഡല്‍ഹി: ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനിക ഉദ്യോഗസ്ഥന്‍ ലഫ്റ്റനന്റ് ഉമര്‍ ഫയാസിന്റെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ ജനക്കൂട്ടത്തിന്റെ കല്ലേറ്.

ഒരു സൈനികന്റെ തോക്കില്‍നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ന്നത് ജനങ്ങള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തി. വെടിവയ്പ്പാണെന്നു കരുതി രോഷാകുലരായ ജനക്കൂട്ടം കല്ലെറിയുകയായിരുന്നു.

ബന്ധുവീട്ടില്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് യുവസൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ചൊവ്വാ രാത്രിയായിരുന്നു സംഭവം. ബുധനാഴ്ച വെടിയുണ്ടകളേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

കഴിഞ്ഞ ഡിസംബറില്‍ കരസേനയില്‍ ചേര്‍ന്ന ഫയാസ് ജമ്മുവിലെ അഖ്‌നൂര്‍ മേഖലയിലാണു ജോലി ചെയ്തിരുന്നത്. പട്ടാളത്തില്‍ ചേര്‍ന്നശേഷം ആദ്യമായി അവധിക്കു പോയതായിരുന്നു. ഫയാസിന്റെ തലയിലും നെഞ്ചിലും വയറ്റിലും വെടിയുണ്ടകളേറ്റിട്ടുണ്ട്. ഭീകരരെ ചെറുക്കാന്‍ ശ്രമിച്ചപ്പോഴുണ്ടായ മുറിവുകളും ശരീരത്തിലുണ്ടെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്.

Top