വന്ദേ ഭാരത് എക്സ്പ്രസിന് നേരെ അയോധ്യയിൽ കല്ലേറ്; മൂന്ന് പേർ അറസ്റ്റിൽ

ലഖ്നൗ: പുതിയതായി ലോഞ്ച് ചെയ്ത് ഗോരഖ്പുർ – ലഖ്നൗ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ മൂന്ന് പേര്‍ അറസ്റ്റിൽ. മൂന്നു പസ്വാൻ എന്നയാളെയും മക്കളായ അജയ്, വിജയ് എന്നിവരെയുമാണ് പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂലൈ ഒമ്പതിന് മൂന്നു പാസ്വാന്റെ ആറ് ആടുകളെ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് ചത്തിരുന്നു. ഇതിന്റെ ദേഷ്യത്തിൽ മൂന്നുവും രണ്ട് മക്കളും വന്ദേ ഭാരത് എക്സ്പ്രസിന് നേര്‍ക്ക് കല്ലെറിയുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

അയോധ്യയിലെ സൊഹാവൽ റെയിൽവേ സ്റ്റേഷന് സമീപം വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായതായി ആർപിഎഫ് പൊലീസിനെ അറിയിക്കുകയായിരുന്നു. ഉടൻ തന്നെ തന്നെ ലോക്കല്‍ പൊലീസിനെ അന്വേഷണത്തിന് നിയോഗിച്ചു. ഈ അന്വേഷണത്തിലാണ് ആടുകളുമായി ബന്ധപ്പെട്ട അപകടം ഉണ്ടായത് കണ്ടെത്തിയത്. മൂന്നുപേരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. യാത്രക്കാർക്ക് പരിക്കില്ലെന്നും പൊലീസ് അറിയിച്ചു.

ഗോരഖ്പൂര്‍ – ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ് ജൂലൈ ഏഴിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തത്. അയോധ്യയിലൂടെ കടന്നുപോകുന്ന ഗോരഖ്പൂര്‍ – ലഖ്‌നൗ വന്ദേ ഭാരത് എക്‌സ്പ്രസ് സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലേക്കുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും വിനോദ സഞ്ചാരത്തിന് കുതിപ്പ് നല്‍കുകയും ചെയ്യുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ പ്രതീക്ഷ.

അതേ ദിവസം തന്നെ ജോധ്പൂര്‍ – സബര്‍മതി വന്ദേ ഭാരത് എക്‌സ്പ്രസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തിരുന്നു. ഈ സര്‍വ്വീസ് ജോധ്പൂര്‍, അബു റോഡ്, അഹമ്മദാബാദ് തുടങ്ങിയ പ്രശസ്ത സ്ഥലങ്ങളിലേക്കുള്ള ബന്ധിപ്പിക്കല്‍ മെച്ചപ്പെടുത്തുകയും മേഖലയിലെ സാമൂഹിക സാമ്പത്തിക വികസനത്തിന് ഉത്തേജനം നല്‍കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Top