തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പദ്മതീര്‍ത്ഥക്കരയിലെ പ്രധാന കല്‍മണ്ഡപം പൊളിക്കുന്നത് നിര്‍ത്താന്‍ സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ്, ചീഫ് സെക്രട്ടറിക്കും തിരുവനന്തപുരം നഗരസഭയ്ക്കും നിര്‍ദ്ദേശം നല്‍കി. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ പൊളിക്കല്‍ നടപടികളുമായി മുന്നോട്ട് പോവരുതെന്നാണ് നിര്‍ദ്ദേശം.
കഴിഞ്ഞ ദിവസം കല്‍മണ്ഡപം പൊളിച്ചതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ രാജകുടുംബം ഇടപെട്ട് തടയുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. മണ്ഡപത്തിന്റെ കല്ലുകള്‍ ഇളക്കി മാറ്റുന്ന ജോലികള്‍ രണ്ടു ദിവസം മുമ്പു തുടങ്ങിയിരുന്നു. വലിയ കല്ലുകളായതിനാല്‍ ക്രെയിന്‍ കൊണ്ടുവന്നാണ് കല്ലുകള്‍ ഇളക്കിമാറ്റിയത്.
തുടര്‍ന്ന് ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിയും ആദിത്യവര്‍മ്മയും സ്ഥലത്തെത്തി പൊളിക്കല്‍ ജോലികള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടു. മണ്ഡപം പൊളിക്കാന്‍ കൊട്ടാരത്തില്‍ നിന്ന് അനുമതി വാങ്ങിയിരുന്നില്ല. തുടര്‍ന്ന് ക്ഷേത്രത്തിന്റെ സുരക്ഷാ ചുമതലയുള്ള എസ്.പി ഇടപെട്ട് പൊളിക്കുന്നത് നിറുത്തി വയ്ക്കുകയായിരുന്നു.
കുളിക്കടവിലെ പടവുകള്‍ നല്ലരീതിയില്‍ അടുക്കി നിരപ്പാക്കുക, ക്‌ളോക്ക് റൂം നവീകരിക്കുക, കല്‍മണ്ഡപം പുനര്‍നിര്‍മ്മിക്കുക എന്നീ പ്രധാന പദ്ധതികളാണ് പദ്മതീര്‍ത്ഥ നവീകരണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്ന ജോലികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായിട്ടായിരുന്നു മണ്ഡപം പൊളിച്ചത്.