നിതീഷ് കുമാറിന്റെ വാഹനത്തിനുനേരെ കല്ലേറ്; 13 പേർ അറസ്റ്റിൽ

പാട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ കല്ലേറ്. ഗയയിൽ സന്ദർശനത്തിനു തിരിച്ച നിതീഷിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. നിരവധി വാഹനങ്ങളുടെ ചില്ലുകൾ തകർന്നിട്ടുണ്ട്. സംഭവത്തിൽ നിതീഷ് കുമാറിന് പരിക്കേറ്റിട്ടില്ല. കല്ലേറിൽ 13 പേർ അറസ്റ്റിലായിട്ടുണ്ട്.

ഗയയിൽ ഇന്ന് നിതീഷ് കുമാർ സന്ദർശനം നടത്തുന്നുണ്ട്. തലസ്ഥാനത്തുനിന്ന് വാഹനമാർഗമാണ് നിതീഷ് ഗയയിലേക്ക് പുറപ്പെട്ടത്. ഇതിനിടയിലാണ് അക്രമിസംഘം വാഹനങ്ങൾക്കുനേരെ കല്ലെറിഞ്ഞത്. നാലു വാഹനങ്ങൾക്കാണ് കല്ലേറിൽ കേടുപാടുകൾ സംഭവിച്ചത്. ഇതിൽ മുഖ്യമന്ത്രിയുണ്ടായിരുന്നില്ലെന്ന് പാട്‌ന പൊലീസ് അറിയിച്ചു.

പാട്‌ന-ഗയ ദേശീയപാതയിൽ ധനാരോയ്ക്കും ഗൗരിചക്കിനും ഇടയിൽ വച്ചായിരുന്നു ആക്രമണം നടന്നത്. വാഹനവ്യൂഹം സോഗിമോറിലെത്തിയപ്പോൾ ഒരു സംഘം നാട്ടുകാർ ചേർന്ന് ദേശീയപാത ഉപരോധിച്ചു. ഗ്രാമത്തിലെ സണ്ണി കുമാർ എന്ന 20കാരന്റെ മരണത്തിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഇതിനിടയിലാണ് ഒരു സംഘം വാഹനവ്യൂഹത്തിനുനേരെ കല്ലെറിഞ്ഞത്. വിവരമറിഞ്ഞ് ജില്ലാ പൊലീസ് മേധാവി അടക്കമുള്ള വൻപൊലീസ് സംഘം സ്ഥലത്തെത്തി.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ കല്ലെറിഞ്ഞ കുറ്റത്തിന് അക്രമികൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിൽ 13 പേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്. പൊതുസ്വത്തുക്കൾ തകർത്ത കുറ്റവും ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Top