ന്യൂഡല്‍ഹി : പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിന്റെ സാധ്യതകള്‍ ഇന്ത്യ പരിശോധിക്കുന്നു.
രാജ്യത്തിനകത്ത് അതിക്രമിച്ച് കയറി ഭീകരര്‍ തുടര്‍ച്ചയായി നാശം വിതയ്ക്കുകയും രാജ്യത്തെ വെല്ലുവിളിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഭീകര കേന്ദ്രങ്ങള്‍ അതിര്‍ത്തി കടന്നായാലും ആക്രമിക്കണമെന്ന നിലപാടാണ് പ്രധാനമന്ത്രിയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ദോവലിനും സൈനിക മേധാവി അടക്കമുള്ള ഉന്നതര്‍ക്കുമുള്ളതെന്നാണ് സൂചന.
എന്നാല്‍ ഇത്തരമൊരു ആക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് പാക്കിസ്ഥാനുമായി പ്രത്യക്ഷമായ യുദ്ധമായി മാറിയേക്കാന്‍ സാധ്യതയുള്ളതിനാല്‍ അവസാനഘട്ടത്തില്‍ മാത്രമെ ഈ കാര്യം പരിഗണിക്കാന്‍ സാധ്യതയുള്ളൂ.
കാശ്മീരിലെ സംഘര്‍ഷം അടിച്ചമര്‍ത്തി ഭീകരവിരുദ്ധ വേട്ട നടത്താനാണ് സൈന്യത്തിന്റെ ഇപ്പോഴത്തെ നീക്കം.നിലവിലെ കാശ്മീരിലെ സൈനിക ഇടപെടലുകള്‍ക്കുള്ള തിരിച്ചടി കൂടിയാണ് ഇപ്പോഴത്തെ ഭീകരാക്രമണം എന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നത്.
അതിര്‍ത്തിയിലെ സുരക്ഷാസന്നാഹത്തിന്റെ കണ്ണ് വെട്ടിച്ച് ഭീകരര്‍ ഇന്ത്യയിലേക്ക് കടന്ന് വരുന്നത് തടയാനാണ് ആദ്യം ഫലപ്രദമായ നടപടി സ്വീകരിക്കേണ്ടതെന്നാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികളും മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
അല്‍ഖ്വയ്ദ തലവന്‍ ബിന്‍ലാദനെ പാക്കിസ്ഥാനില്‍ കടന്ന് അമേരിക്കന്‍ കമാന്‍ഡോസ് കൊലപ്പെടുത്തിയ രൂപത്തില്‍ മുബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സയ്യീദ് ഉള്‍പ്പെടെയുള്ളവരെ വധിക്കണമെന്ന സൈന്യത്തിന്റെ ആവശ്യവും കേന്ദ്രസര്‍ക്കാരിന്‍മേല്‍ ശക്തമായിട്ടുണ്ട്.
എട്ട് മാസം മുമ്പ് പഠാന്‍കോട്ടിലുണ്ടായ ആക്രമണത്തിന്റെ അതേ ശൈലിയിലാണ് ഇപ്പോള്‍ ഉറിയിലെ സൈനിക ബ്രിഗേഡ് ആസ്ഥാനത്തും ഉണ്ടായിരിക്കുന്നത്. രണ്ട് ആക്രമണങ്ങളുടെയും സൂത്രധാരനാണ് ഹാഫിസ് സയ്യീദ്.
ആക്രമണത്തിനായി തിരഞ്ഞെടുത്ത സമയങ്ങളില്‍ പോലുമുണ്ട് സമാനത.
പഠാന്‍ കോട്ട് ഭീകരര്‍ ആക്രമണം തുടങ്ങിയത് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു. ഉറിയിലാവട്ടെ ഒരു മണിക്കൂര്‍ വ്യത്യാസത്തില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ്.
കമാന്‍ഡോ ശൈലിയിലാണ് ഭീകരന്‍ സൈനിക ആസ്ഥാനത്തേക്ക് ഇരച്ച് കയറിയത്.പഠാന്‍ കോട്ടിലെ പോലെ സൈനിക വേഷത്തിലായിരുന്നു ഭീകരാക്രമണം.
നിയന്ത്രണ രേഖക്കടുത്തെ ഈ സൈനിക താവളത്തിലേക്ക് വന്‍ ആയുധ ശേഖരവുമായി ഭീകരര്‍ക്ക് കടന്ന് കയറാന്‍ കഴിഞ്ഞത് രാജ്യത്തെ സുരക്ഷാ സംവിധാനത്തെ തന്നെ ചോദ്യം ചെയ്യുന്നതാണ്.
പഠാന്‍ കോട്ട് ഏഴ് സൈനികരാണ് ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടതെങ്കില്‍ അതിന്റെ ഇരട്ടി പേരാണ് ഉറിയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരിക്കുന്നത്.
ലോക രാജ്യങ്ങള്‍ക്കിടയില്‍ ഈ സംഭവം ഇന്ത്യയുടെ സൈനിക ശേഷിയും സുരക്ഷാ സംവിധാനങ്ങളും ചേദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ കനത്ത തിരിച്ചടി നല്‍കുകയല്ലാതെ ഇന്ത്യക്ക് പിടിച്ച് നില്‍ക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല.
അത് ഏത് രൂപത്തില്‍ ഇന്ത്യ നടപ്പാക്കുമെന്നാണ് ലോക രാഷ്ട്രങ്ങളും ഇപ്പോള്‍ ഉറ്റു നേക്കുന്നത്.
ജന്മുകാശ്മീരിലെ പാക് ഇടപെടലിന് തിരിച്ചടിയായി ബലൂചിസ്ഥാന്‍ വിഷയത്തില്‍ പാക്കിസ്ഥാനെ പ്രതിരോധത്തിലാക്കിയ ഇന്ത്യയുടെ നടപടിക്കുള്ള പ്രതികാര നടപടി കൂടിയാണ് പാക് സ്‌പോണ്‍സേര്‍ഡ് ഭീകരാക്രമണമെന്നാണ് പ്രതിരോധ മന്ത്രാലയം വിലയിരുത്തുന്നത്.
കൊടും ഭീകരന്‍ ഹാഫിസ് സയ്യീദ് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം എന്നിവര്‍ക്കെതിരെ നിരവധി തെളിവുകള്‍ വിവിധ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യ പാക്കിസ്ഥാന് കൈമാറിയിട്ടുണ്ടെങ്കിലും ഒരു നടപടിയും പാക് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഇതും ഇന്ത്യന്‍ സൈന്യത്തെ ഇപ്പോള്‍ പ്രകോപിപ്പിച്ചിരിക്കുകയാണ് . കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഉത്തരവ് ലഭിച്ചാല്‍ ഏത് തരത്തില്‍ ആക്രമണം നടത്താനും സജ്ജമായിരിക്കുകയാണ് സൈന്യം.
തുടര്‍ച്ചയായി സൈനികര്‍ കൊല്ലപ്പെടുന്നതിനാല്‍ സൈന്യത്തിനുള്ളില്‍ തന്നെ വലിയ രൂപത്തിലുള്ള പകയാണ് രൂപപ്പെട്ടിരിക്കുന്നത്.ഇന്ത്യയുമായി ഒരു പോരിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ ചൈന പാകിസ്ഥാനെ സഹായിക്കാനുള്ള സാഹചര്യവും തള്ളി കളയാനാവില്ല.