തിരുവനന്തപുരം: ഭീകരരാഷ്ട്രമായ ഇസ്രയേലുമായുള്ള ഇന്ത്യയുടെ സഹകരണം അവസാനിപ്പിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന.
ഇസ്രയേലിനെ ഇന്ത്യയുടെ തന്ത്രപ്രധാന പങ്കാളിയാക്കിയ കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാരിനിെതിരെ ജൂലായ് 19ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ഏരിയാ കേന്ദ്രങ്ങളിലും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കുമെന്നും സി.പി.എം പ്രസ്താവനയിലൂടെ അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ വിദേശനയത്തിനെതിരെ എല്ലാ മനുഷ്യസ്‌നേഹികളും പ്രതിഷേധിക്കണമെന്നും സി.പി.എം ആവശ്യപ്പെട്ടു.
ജന്മനാടിനുവേണ്ടി പോരാടുന്ന പാലസ്തീന്‍ ജനതയ്‌ക്കൊപ്പം നില്‍ക്കുന്ന ഇന്ത്യയുടെ പ്രഖ്യാപിത വിദേശനയത്തെ കുഴിച്ചുമൂടുകയാണ് ഇസ്രയേല്‍ സന്ദര്‍ശനത്തിലൂടെയും കരാറിലൂടെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്തത്. ഇസ്രയേലുമായുള്ള എല്ലാ സുരക്ഷാസൈനിക സഹകരണവും ഇന്ത്യ ഉടന്‍ അവസാനിപ്പിക്കണം. ലോകത്തിലെ ഏറ്റവും വലിയ ഭീകരരാഷ്ട്രമാണ് ഇസ്രായേല്‍ എന്നത് മോദിയും കൂട്ടരും മറന്നിരിക്കുകയാണ്. ഇവരുമായി കൂട്ടുകൂടി ഭീകരതയെ ചെറുത്തുതോല്‍പിക്കാന്‍ കഴിയുമെന്നത് അര്‍ത്ഥശൂന്യതയാണെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.
ഇസ്രയേലുമായി വന്‍തോതിലുള്ള ആയുധ ഇടപാടിന് വഴിയൊരുക്കിയിരിക്കുകയാണ് മോദി. ആയുധക്കച്ചവടം കൊഴുപ്പിക്കാന്‍ ലോകത്ത് ഭീകരത വില്‍ക്കുകയും വിതറുകയും ചെയ്യുന്ന ചാരപ്പണി നടത്തുന്ന രാജ്യമാണ് ഇസ്രയേല്‍. പാലസ്തീന്‍ ജനതയ്ക്ക് അവകാശപ്പെട്ട മണ്ണില്‍ ഇസ്രയേലെന്ന രാജ്യത്തെ കുടിയിരുത്തിയിട്ട് അവിടത്തെ യഥാര്‍ത്ഥ ജനതയായ പാലസ്തീന്‍കാര്‍ക്ക് സ്വന്തം രാജ്യം നിഷേധിക്കാന്‍ അതിര്‍ത്തി കടന്ന് ബോംബും തോക്കും വര്‍ഷിച്ച് കുഞ്ഞുങ്ങളെയും ഗര്‍ഭിണികളെയും കൊന്നൊടുക്കുകയാണ് സയണിസ്റ്റ് രാഷ്ട്രം ചെയ്യുന്നതെന്നും സി.പി.എം ആരോപിച്ചു.