വയനാട്: വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ എല്ലാ റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ പഞ്ചായത്ത്. ഇന്ന് ചേര്‍ന്ന അടിയന്തര പഞ്ചായത്ത് സമിതി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. പരിശോധനകള്‍ക്ക് ശേഷം അനുമതിയുള്ള റിസോര്‍ട്ടുകള്‍ക്കും ഹോം സ്റ്റേകള്‍ക്കും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കാനും പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു.
കഴിഞ്ഞ ദിവസം മേപ്പാടിയിലെ ഒരു റിസോര്‍ട്ട് പരിസരത്ത് വിനോദസഞ്ചാരി ആനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിന് പിന്നാലെയാണ് നടപടി. കണ്ണൂര്‍ ചെലേരി കല്ലറപുരയില്‍ ഷഹാനയാണ് (26) മരിച്ചത്. മേപ്പാടി എളമ്പിലേരിയിലെ സ്വകാര്യ റിസോര്‍ട്ടിനടുത്ത് പുഴയോരത്തുള്ള ടെന്റിനു പുറത്തു വിശ്രമിക്കുന്നതിനിടെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
പരിസരത്തുണ്ടായിരുന്നവര്‍ ഒച്ചയിട്ടു ആനയെ അകറ്റി. ഷഹാനയെ മേപ്പാടി അരപ്പറ്റയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. ആനയുടെ ചവിട്ട് യുവതിയുടെ നെഞ്ചിനേറ്റതായിരുന്നു മരണകാരണം.