ഉത്തർപ്രദേശ് : ഉത്തർപ്രദേശിൽ സർക്കാരിൻ്റെ നിർബന്ധിത മതപരിവർത്തന നിരോധന നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റർ ചെയ്തു. ബറേലിയിലെ ദേരനിയ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 22കാരനായ കോളജ് വിദ്യാർത്ഥി ഉവൈസ് അഹ്മദിനെതിരെ 20കാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയിന്മേലാണ് കേസ് എടുത്തത്.
തൻ്റെ മകളെ മതം മാറ്റി വിവാഹം കഴിക്കാൻ ഉവൈസ് ശ്രമിക്കുന്നു എന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് ടിക്കാറാമിൻ്റെ പരാതി. ഇടക്കിടെ യുവാവ് വീട്ടിൽ സന്ദർശനം നടത്തുന്നുണ്ടെന്നും മതം മാറിയില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും യുവാവ് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പിതാവ് ആരോപിക്കുന്നു. ആൻറി കൺവേർഷൻ നിയമത്തിലെ 504, 506 വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.