ലഡാക്ക്: ഹിമാലയന്‍ താഴ്‌വരയ്ക്ക് സമീപമായി മഹീന്ദ്ര അര്‍മ്മദ ജീപ്പു കൊണ്ട് നിര്‍മിച്ചിരിക്കുന്ന ഒരു ജീപ്പ് വീടാണ് കുറച്ച് ദിവസമായി സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ തലവന്‍ ആനന്ദ് മഹീന്ദ്രയാണ് ഈ ക്രിയേറ്റിവിറ്റിയെ
പുറം ലോകത്തിന് പരിജയപ്പെടുത്തിയത്.
ഇപ്പോഴിതാ ആ വീടിന്റെ ഉടമ തന്നെ വീടിന്റെ കഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ലഡാക്കിലെ ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓള്‍ട്ടര്‍നേറ്റീവ്‌സിന്റെ സ്ഥാപകനും എന്‍ജിനീയറുമായ സോനം വാങ്ചുക്ക് ആണ് ആ ഉടമ. ഇത് വെറും ജീപ്പല്ല ലഡാക്കിലെ കുട്ടികളുടെ ജീവിതം തന്നെ മാറ്റി മറിച്ച വാഹനമാണെന്നായിരുന്നു ആനന്ദ് മഹീന്ദ്രയ്ക്ക് സോനം വാങ്ചുക്കിന്റെ മറുപടി.
1997 മുതല്‍ 2007 വരെ ലഡാക്കിന്റെ ഉള്‍ഗ്രാമങ്ങളില്‍ വിദ്യാഭ്യാസ പ്രചരണങ്ങളില്‍ ആ ജീപ്പ് പ്രധാന പങ്കുവഹിച്ചെന്നും അതിന്റെ ഫലമായി ലഡാക്കിലെ മെട്രിക്കുലേഷന്‍ റിസല്‍ട്ട് 5 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ഉയര്‍ന്നുവെന്നും ട്വീറ്റില്‍ സോനം വാങ്ചുക്ക് വെളിപ്പെടുത്തുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ്, എന്റയൊരു സുഹൃത്താണ് ഈ ചിത്രം അയച്ചു തന്നതെന്നും പഴയൊരു വാഹനത്തെ അതിമനോഹരമായി റീസൈക്കിള്‍ ചെയ്തിരിക്കുന്നു എന്നും പറഞ്ഞ് ആനന്ദ് മഹീന്ദ്ര ആ വീടിന്റെ ചിത്രം ട്വീറ്റ് ചെയ്തത്.